യുവതാരങ്ങൾ വിനോദ് ഖന്നയെ അപമാനിച്ചെന്ന് റിഷി കപൂർ

അന്തരിച്ച ബോളിവുഡ് നടൻ വിനോദ് ഖന്നയെ ബോളിവുഡ് യുവതാരങ്ങൾ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റിഷി കപൂർ. വിനോദ് ഖന്നയുടെ ശവസംസ്കാരത്തിന് ഇന്നത്തെ തലമുറയിലെ ഒരു യുവതാരങ്ങൾ പോലും പങ്കെടുത്തില്ലെന്നും ഇത് നാണക്കേടാണെന്നും റിഷി കപൂർ പറയുന്നു. ‘കൂടെ പ്രവർത്തിക്കുന്ന ആളുകൂടിയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ആദരിക്കാൻ പഠിക്കണം. ഇന്നത്തെ തലമുറയിലെ താരങ്ങളോട് എനിക്ക് ദേഷ്യമാണ്. –റിഷി കപൂർ പറഞ്ഞു.

‘പ്രിയങ്ക ചോപ്ര നടത്തിയ പാർട്ടിയിൽ കുറെ അധികം ആളുകളെ കണ്ടിരുന്നു. എന്നാൽ ഇവരെ ആരെയും വിനോദ് ഖന്നയുടെ ശവസംസ്കാര ചടങ്ങിൽ കാണാൻ സാധിച്ചില്ല. ഇവരോടൊക്കെ ദേഷ്യം തോന്നുന്നു– റിഷി പറഞ്ഞു.

ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരമാണ് വിനോദ് ഖന്ന. ബോളിവുഡിൽ വില്ലനായി എത്തി മുൻ നിര നായകനായി വളർന്ന നടനാണ് വിനോദ് ഖന്ന. 1968ലാണ് വിനോദ് ഖന്ന സിനിമാ രംഗത്തെത്തുന്നത്. മൻ ക മീത് ആയിരുന്നു ആദ്യ ചിത്രം. 970-80 കാലഘട്ടത്തിലെ മുൻ നിര നായകമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1971ൽ പുറത്തിറങ്ങിയ ;ഹം തും ഓർ വോ എന്ന ചിത്രമാണ് അദ്ദേഹത്തെ മുൻനിരയിലേക്ക് എത്തിച്ചത്. 2015ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം;ദിൽവാലേയിലാണ് അവസാനമായി അഭിനയിച്ചത്.