സിനിമയെ വെല്ലുന്ന മിസ്ഡ് കോൾ പ്രണയകഥ

ഏകദേശം രണ്ടുമാസം മുമ്പാണ് ലളിത ബൻബൻസിക്ക് തെറ്റായ നമ്പറിൽ നിന്നും ഒരു കോൾ വരുന്നത്. എന്നാൽ റോങ് നമ്പർ ലളിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ആ ഫോൺവിളിയും പിന്നീട് ഉണ്ടായ പ്രണയവുമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

26 വയസ്സുള്ള ലളിത മുംബൈ സ്വദേശിയാണ്. 2012ൽ മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കേണ്ടവളായിരുന്നു ലളിത. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പാണ് വ്യക്തിപരമായ ശത്രുതയുടെ പുറത്ത് സ്വന്തം ബന്ധു ലളിതയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്.

ആ ആക്രമണത്തിൽ ലളിതയുടെ മുഖം പൂർണമായും പൊള്ളി. 17 ശസ്ത്രക്രിയകഴ്‍ ചെയ്തു. ചികിത്സ തുടരുന്നതിനിടെയാണ് രാഹുൽ കുമാർ എന്ന ചെറുപ്പക്കാരൻ ലളിതയുടെ ഫോണിലേക്ക് നമ്പർ മാറി വിളിക്കുന്നത്. അങ്ങനെ അവർ പരസ്പരം സംസാരിച്ചു തുടങ്ങി. പരിചയം വളര്‍ന്ന് പ്രണയമായി. 

‘തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍, അതിന് അവള്‍ അര്‍ഹയല്ലായെന്നായിരുന്നു അവളുടെ മറുപടി. തനിക്കെതിരെയുണ്ടായ അക്രമം അവശേഷിപ്പിച്ച പാടുകളെ കുറിച്ചും അവള്‍ തുറന്നുപറഞ്ഞിരുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, എനിക്കറിയാമായിരുന്നു അവള്‍ എനിക്കൊപ്പമുണ്ടാകണമെന്ന്. കാഴ്ചയല്ലല്ലോ പ്രധാനം’– രവിശങ്കര്‍ പറയുന്നു.

ഒരുപാട് സന്തോഷമുണ്ട്. ജീവിതത്തിലൊരിക്കലും ഇനി വിവാഹം കഴിക്കാനാകില്ലെന്നാണ് കരുതിയിരുന്നത്. സത്യമറിഞ്ഞ ശേഷവും എന്നെ സ്നേഹിച്ചതുകൊണ്ടാണ് ഈ ബന്ധം വിവാഹത്തിലെത്തിയത്–ലളിത പറഞ്ഞു.

അങ്ങനെ കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം നടന്നു. നടന്‍ വിവേക് ഒബ്റോയി, കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാനെ അടക്കം പല പ്രശസ്തരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രദേശത്തെ ഒരു ബിസിനസ് ഗ്രൂപ്പായ ഉദ്യാമി മഹാരാഷ്ട്രയാണ് വിവാഹം ഏറ്റെടുത്ത് നടത്തിയത്. ഹാളും അലങ്കാരവും ഭക്ഷണവും ആഭരണവും ഹണിമൂണ്‍ ട്രിപ്പും ഇവർ ദമ്പതികൾക്കാരി ഒരുക്കി. താനെയിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ആണ് ലളിതയ്ക്ക് സമ്മാനമായി വിവേക് ഒബ്റോയി നൽകിയത്. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയുമാണ് ലളിതയുടെ വിവാഹവസ്ത്രം രൂപകല്‍പന ചെയ്തത്. ലളിതയ്ക്ക് ഒരു നെക്ക്‌ലെസും ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു.

ഇനിയും 12 ശസ്ത്രക്രിയകൾ കൂടി ലളിതയ്ക്ക്  ബാക്കിയുണ്ട്. ആസിഡ് ആക്രമണ ഇരകളുടെ സംഘടനയായ സാഹസ് ഫൌണ്ടേഷനില്‍ 2016 മുതല്‍ അംഗമാണ് ലളിത.