ബോളിവുഡിലെ ഗ്ലാമർഗേൾ; സെയ്ഫിന്റെ മകൾ സാറ അലിഖാൻ

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നു സാറ പറഞ്ഞപ്പോൾ, സെയ്ഫ് അലിഖാൻ മകളെ ന്യൂയോർക്കിൽ വിട്ടു പഠിപ്പിച്ച് ആദ്യം ജീവിതം സേഫാക്കി. ഇപ്പോൾ അഭിനയത്തിലും സെയ്ഫാകാൻ ഒരുങ്ങുകയാണ് ഇരുപത്തിമൂന്നുകാരി സാറ. സംവിധായകൻ അഭിഷേക് കപൂർ, സുശാന്ത് സിങ് രജ്പുത്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘കേദർനാഥിൽ’ സാറയാണു നായിക.

    

അരങ്ങേറ്റവാർത്തയോട് ഒപ്പം  ചില്ലറ ഗോസിപ്പുകളും മൂളിനടപ്പുണ്ട്. അനിൽ കപൂറിന്റെ മകൻ ഹർഷ് വർധൻ കപൂറുമായുള്ള സാറയുടെ അടുപ്പമാണു സംസാരവിഷയം.  ഇരുവരും അടുത്തിടെ ഒരു മൂവീ ഡേറ്റിങ്ങിനുപോയി. കണ്ടതാകട്ടെ അമ്മ അമൃത സിങ് അഭിനയിച്ച ‘ഹിന്ദി മീഡിയം’ എന്ന ചിത്രവും. പ്രേക്ഷകരുടെ കയ്യടിയും ആവേശവും കണ്ട സാറ ത്രില്ലടിച്ചു. മകളെപ്പോലെ അച്ഛന് ത്രില്ലടിക്കാനാവില്ലല്ലോ. ബി ടൗൺ പഴയ ‘ഠ’വട്ടമൊന്നുമല്ലെന്നും സീനാകെ മാറിയിട്ടുണ്ടെന്നുമൊക്കെ സെയ്ഫ് ഒരു സേഫ്റ്റിക്ക് വേണ്ടി മകളെ ഉപദേശിച്ചിട്ടുണ്ടത്രേ!