ലൈംഗികതയുടെ അതിപ്രസരം; ഈ സിനിമയ്ക്ക് 48 കട്ട്

സെൻസർ ബോർഡും ബോളിവുഡും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകുറേയായി. ഈയിടെ റിലീസ് ചെയ്ത ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയും ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുതിയൊരു സിനിമയ്ക്ക് 48 കട്ട് ആണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.

നവാസുദീൻ സിദ്ദിഖിയെ നായകനാക്കി കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന 'ബാബുമോശൈ ബന്തൂക്ബസി'നാണ് 48 സ്ഥലങ്ങളില്‍ കട്ടുകള്‍ വേണമെന്ന് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് കിരണ്‍ ഷ്രോഫ് രംഗത്തെത്തി.

ഒരു സ്ത്രീയായ നിങ്ങള്‍ക്ക് എങ്ങനെ ഇത്തരമൊരു ചിത്രം എടുക്കാന്‍ തോന്നിയെന്നായിരുന്നു ബോര്‍ഡ് അംഗങ്ങളുടെ ആദ്യ ചോദ്യം. പാന്റുസും ഷര്‍ട്ടും ധരിച്ച ഒരുവള്‍ എങ്ങനെ സ്ത്രീ ആകുമെന്നായിരുന്നു മറ്റൊരു ചോദ്യം. വാര്‍ത്ത സമ്മേളനത്തിനിടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം ചോദ്യങ്ങളെ കുറിച്ച് നിര്‍മാതാവ് തുറന്ന് പറഞ്ഞിരുന്നത്.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നെങ്കില്‍ തങ്ങള്‍ തൃപ്തരാകുമായിരുന്നു. എന്നാല്‍ അതിനൊപ്പം 48 രംഗങ്ങള്‍ ഒഴിവാക്കണമെന്ന നടപടി സ്വീകരിക്കാന്‍ കഴില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. ഇതിനുള്ള മറുപടിയായിട്ടാണ് മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സെന്‍സര്‍ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ വന്നതെന്നും നിര്‍മാതാവ് വ്യക്തമാക്കുന്നു.

അതേസമയം ചിത്രീകരണം ആരംഭിച്ചതുമുതല്‍ പലതരത്തില്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 'ബാബുമോശൈ ബന്തൂക്ബസ്'. നഗ്നതാപ്രദര്‍ശനം ആവശ്യത്തിലധികം ഉണ്ടെന്നും അത്തരം രംഗങ്ങള്‍ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി നടി ചിത്രാംഗദ സിംഗ് ചിത്രത്തിന്റെ സെറ്റില്‍നിന്നും ഇറങ്ങിപ്പോയിരുന്നു. 

ബംഗാളി നടി ബിദിത ബാഗാണ് ചിത്രാംഗദയുടെ റോളിലേക്ക് പിന്നീട് എത്തിയത്. ഈ മാസം 25നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.