കേജ്‌രിവാള്‍ ഇനി നായകൻ; 'ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ ട്രെയിലർ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ' എന്ന ഡോക്യുമെന്ററി ട്രെയിലർ പുറത്തിറങ്ങി. നവംബറിലാണ് റിലീസ്. ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നതും.

ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭവും ആം ആദ്മിയുടെ ജനനവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതും ഡല്‍ഹി മുഖ്യമന്ത്രിയായുള്ള കെജ്‌രിവാളിന്റെ വളര്‍ച്ചയുമാണ് ഡോക്യുമെന്ററി പറയുന്നത്. 

ടൊറന്റോ അന്താഷ്ട്ര ചലച്ചിത്രോത്സവമുള്‍പ്പെടെ ലോകമെമ്പാടുമുള്ള 40ല്‍ അധികം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതാണ് ഡോക്യുമെന്ററി. ഖുശ്ബു റാങ്ക, വിനയ് ശുക്ല എന്നിവരാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ഷിപ്പ് ഓഫ് തെസ്യൂസ് എന്ന വിഖ്യാത ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഗാന്ധിയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.