ഹൃതിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു

ബോളിവുഡ് സൂപ്പർതാകം ഹൃതിക് റോഷനും വേറെ എട്ടുപേര്‍ക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ആര്‍. മുരളീധരന്‍ എന്നയാളുടെ പരാതിയിന്മേലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

2014ല്‍ ഹൃതിക് ലോഞ്ച് ചെയ്ത ഒരു ബ്രാന്‍ഡിന്റെ സ്‌റ്റോക്കിസ്റ്റായി  തന്നെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ ഹൃതിക്കും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും മുരളീധരന്‍ ആരോപിക്കുന്നു. 

കൂടാതെ കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും, തന്റെ അറിവില്ലാതെ വ്യാപാര സ്ഥാപനം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍  മുരളീധരന്‍ പറയുന്നു. വില്പനയില്ലാതായതോടെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും, തിരിച്ചയച്ചപ്പോള്‍ ഇവര്‍ തനിക്ക് പണം മടക്കിത്തരാതിരിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.