ബച്ചൻ സാറിനൊപ്പം ഒരു പോസ്റ്ററിൽ: സ്വപ്നസാഫല്യമെന്ന് ആമിർ ഖാൻ

അമിതാഭ് ബച്ചനൊപ്പം ഒരു സിനിമയുടെ പോസ്റ്ററിൽ തന്റെ മുഖം വന്നത് സ്വപ്നസാഫല്യമാണെന്ന് ആമിർ ഖാൻ. തനിക്കിപ്പോഴും അത് വിശ്വസിക്കാനാകുന്നില്ലെന്നും പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പോസ്റ്റർ പങ്കുവച്ച ശേഷം ആമിർ പറഞ്ഞു.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിറിനെയും അമിതാഭിനെയും കൂടാതെ കത്രീനാ കൈഫ്, ഫാത്തിമാ സന എന്നിവരുമുണ്ട്. ഫിലിപ് ടെയ്‌ലർ 1839ൽ എഴുതിയ കൺഫെഷൻസ് ഓഫ് എ തഗ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. 

യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്. ധൂം 3യ്ക്കു ശേഷം വിജയ് കൃഷ്ണ ആചാരിയും ആമിർ ഖാനും ഒന്നിക്കുന്ന ചിത്രം.  

210 കോടിയാണ് ബജറ്റ്. കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങൾ സിനിമയെ വേറിട്ടുനിർത്തും. രണ്ടുലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകൾതന്നെ ചിത്രത്തിനുവേണ്ടി നിർമിക്കുകയുണ്ടായി. നവംബർ എട്ടിന് ചിത്രം റിലീസ് ചെയ്യും.