വസ്ത്രത്തിന്റെ നീളം നോക്കിയല്ല സ്ത്രീകളെ ബഹുമാനിക്കേണ്ടത്: വിദ്യ

ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് അവള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെ ആസ്പദമാക്കിയല്ലെന്നു നടി വിദ്യ ബാലൻ. പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കും. വസ്ത്രം തെരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. ഏതു പ്രൊഫഷനിലായാലും വസ്ത്രത്തിന്‍റെ നീളം നോക്കിയല്ല സ്ത്രീകളെ ബഹുമാനിക്കേണ്ടതെന്നും വിദ്യ പറയുന്നു.

ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൂണ്ടിക്കാട്ടി പല സ്ത്രീകളെയും ആളുകൾ അപമാനിക്കാറുണ്ട്. അങ്ങനെ വരുന്ന പൂവാലന്മാരെ നേരിടുക തന്നെ വേണം. അങ്ങനെയെങ്കിൽ അവർ പിന്നീട് അത് ആവർത്തിക്കില്ല- നടി പറഞ്ഞു.

ആണ്‍കുട്ടികളെപ്പോലെ തന്നെ ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള അവകാശവും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കുമുണ്ട്. ഇതിനിടയില്‍ വ്യത്യാസം കാണുന്നതു ശരിയല്ല. ആളുകളുടെ മനോഭാവം മാറിയാല്‍ മാത്രമേ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതാകൂ. അടുത്തിടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പൊതുപരിപാടികളിലും ജോലിസ്ഥലങ്ങളിലും മറ്റും നിരവധി പെണ്‍കുട്ടികൾക്കും പ്രാധാന്യം നൽകുന്നു. വിദ്യ പറഞ്ഞു.