ആമിറിനെയും ഹൃതിക്കിനെയും കരയിച്ച സോനം കപൂർ

സോനം കപൂർ നായികയായി എത്തുന്ന നീർജ റിലീസിങിനൊരുകയാണ്. ഇതിന് മുന്നോടിയായി ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, ഹൃതിക് റോഷൻ, ആയുഷ്മാൻ ഖുറാന, ശിൽപ ഷെട്ടി, ശമിത ഷെട്ടി എന്നിവർക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.

സിനിമയ്ക്ക് ശേഷം കണ്ണീർപ്പുഴയായിരുന്നു ഒഴുകിയത്. ഈറനണിഞ്ഞ കണ്ണുകളോടെയാണ് ചിത്രം കണ്ട ശേഷം ഹൃതിക്കും ആമിറും പുറത്തിറങ്ങിയത്. ‘താനിത്രയധികം കരഞ്ഞു കണ്ടിറങ്ങിയ ചിത്രം വേറെ ഇല്ലെന്നും വികാരഭരിതമായ ഒരുപാട് രംഗങ്ങൾ നിറഞ്ഞ സിനിമയാണ് നീർജയെന്നും ഹൃതിക് പറഞ്ഞു.

ആമിറിന് പിന്നെ കരച്ചിൽ ഒരു പുതിയ കാര്യമല്ല. എന്നാൽ ഈ സിനിമയിൽ തന്നെ കരയിച്ചത് ശബാന ആസ്മിയുടെ അഭിനയപ്രകടനമാണെന്ന് ആമിർ പറയുന്നു.

1986 ല്‍ ഭീകരര്‍ റാഞ്ചിയ പാന്‍ ആം എന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്ന നീര്‍ജ ഭനോട്ടിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യാത്രക്കാരെ രക്ഷപെടുത്തുന്നതിനിടെയാണ് നീര്‍ജ കൊല്ലപ്പെടുന്നതും.

രാം മധ്വാനിയാണ് ഈ ധീരയുവതിയുടെ കഥ അഭ്രപാളികളിലെത്തിക്കുന്നത്. മരിക്കുമ്പോള്‍ 22 വയസായിരുന്നു നീര്‍ജയുടെ പ്രായം. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ അശോക ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നീര്‍ജ. നീർജയായി സോനം എത്തുമ്പോൾ ശബാന അസ്മിയാണ് ചിത്രത്തില്‍ നീർജയുടെ അമ്മയെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.