ബാഹുബലി ബ്രഹ്മാണ്ഡ മേക്കിങ് വിഡിയോ

എസ്. എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് ഒരു തെലുങ്ക് ചിത്രത്തിന് റിലീസ് ചെയ്ത ഭാഷകളിലെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്.

250 കോടി മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം സ്പെഷല്‍ ഇഫക്ടുകളിലും അവതരണരീതിയിലും മറ്റുചിത്രങ്ങളെ കടത്തിവെട്ടുന്നു. സംവിധായകന്‍ രാജമൗലി, കലാസംവിധായകന്‍ മനു ജഗദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, പ്രഭാസ് ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ തുടങ്ങി സിനിമയില്‍ പ്രവര്‍ത്തിച്ചവരുടെയെല്ലാം കൂട്ടായ്മയുടെയും അദ്ധ്വാനത്തിന്‍റെയും ഫലമാണ് ചിത്രത്തിന്‍റെ വിജയം.

എണ്ണൂറോളം സാങ്കേതികപ്രവര്‍ത്തകരുള്‍പ്പടെ 17 വിഎഫ്എക്സ് സ്റ്റുഡിയോകള്‍ ചിത്രത്തിന്‍റെ മേക്കിങിനായി ഉപയോഗിച്ചിട്ടുണ്ട്. വിഷ്വല്‍ ഇഫക്ടുകള്‍ക്ക് തന്നെ ചെലവഴിച്ചത് 85 കോടി രൂപയാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ ഉപയോഗിച്ച പടച്ചട്ടകള്‍, ആയുധങ്ങള്‍, വസ്ത്രങ്ങള്‍ ഇവയെല്ലാം സിനിമയ്ക്കായി പ്രത്യേകം തയാറാക്കിയതാണ്.

ഹൈദരാബാദിലുള്ള റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ പകുതിയിലധികവും ചിത്രീകരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നും അറുപത് ലക്ഷത്തിന്‍റെ കൃത്രിമ പുഷ്പങ്ങള്‍ ഉപയോഗിച്ചാണ് പ്രഭാസിന്‍റെയും തമന്നയുടെയും പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചത്.