ഷാരൂഖ് ചിത്രം ദിൽവാലേ ബഹിഷ്കരിക്കണമെന്ന് എംഎൻഎസ്

ബോളിവുഡിൽ സിനിമകൾക്കെതിരെ ഉയരുന്ന വിവാദങ്ങളും നിരോധനകളും ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രം ദിൽവാലേയ്ക്കെതിരെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന ദില്‍വാലേ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് എംഎന്‍എസ് രംഗത്തെത്തി. അസഹിഷ്ണുതാ വിഷയത്തില്‍ ഷാരൂഖിന്റെ പ്രതികരണമാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഇങ്ങനെയൊരു നിലപാടുമായി രംഗത്തെത്തിയതിന്റെ പ്രധാനകാരണം.

മഹാരാഷ്ട്രയിലെ കർഷകർ വളരെ ദുരിതത്തിലാണ്. ഷാരൂഖ് ഇഷ്ടം പോലെ പണം സന്പാദിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ ജീവിക്കുന്ന ഷാരൂഖ് സംസ്ഥാനത്തിനും അവിടുത്തെപാവപ്പെട്ട വര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് എംഎന്‍എസ് പറയുന്നത്. ഷാരൂഖ് മഹാരാഷ്ട്രയെ മുതലെടുക്കുകയാണ്. എന്നാല്‍ ചിത്രം നിരോധിക്കണമെന്നല്ല ബഹിഷ്കരിക്കണമെന്നാണ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്ന് എംഎന്‍എസ് പറയുന്നു.

എംഎൻഎസുമായി യോജിച്ച് കിടക്കുന്ന ചിത്രപത് കർമചാരി സേനയാണ് ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ‘ചിത്രപത് സേന പറഞ്ഞത് ശരിയാണെന്നും സംസ്ഥാനത്തിന്റെ പേരിൽ പണവും പ്രശസ്തിയും ഉണ്ടാക്കി പിന്നീട് സംസ്ഥാനത്തെ മറന്നുപ്രവര്‍ത്തിക്കുന്നത് ഷാരൂഖിന് ചേർന്നതല്ലെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ പറഞ്ഞു. ഷാരൂഖ് ഖാന്റെ ചിത്രം ബഹിഷ്കരിക്കുന്നുവെന്ന ചിത്രപത് സേനയുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാട് ആയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

എംഎൻഎസിന്റെ നീക്കത്തെപ്പറ്റി ഷാരൂഖിനോട് ചോദിച്ചപ്പോൾ ഈ ചിത്രം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ ചിത്രം കണ്ട് വിജയിപ്പിക്കുമെന്നുമാണ് പ്രതികരണം.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത് കജോള്‍-ഷാരൂഖ് ജോഡി അഭിനയിക്കുന്ന ചിത്രം ഡിസംബർ 18ന് തിയറ്ററുകളിലെത്തും.