ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ‘സിനിമായുദ്ധം’

പാക്ക് താരങ്ങളായ ഫവദ്, മഹിറ, മവ്റ

പാക്കിസ്ഥാനിൽ നിന്നുള്ള നടീനടന്മാർക്കു ബോളിവുഡ് സിനിമയിൽ വിലക്ക്. ഇന്ത്യൻ സിനിമകൾക്കു പാക്കിസ്ഥാനിലും വിലക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിനിമായുദ്ധം ആരംഭിച്ചുകഴിഞ്ഞു.

കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നു മുംബൈയിലെ സിനിമാ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ മോഷൻ പിക്ചർ‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷൻ (ഐഎംപിപിഎ) ആണു പാക്കിസ്ഥാനിലെ നടീനടന്മാർക്കും സാങ്കേതികവിദഗ്ധർക്കും ബോളിവുഡ് സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്.

‘‘രാജ്യമാണു ഞങ്ങൾക്ക് ഏറ്റവും പ്രധാനം. അതിർത്തി ശാന്തമാകുന്നതു വരെ പാക്കിസ്ഥാനിൽ നിന്നുള്ള താരങ്ങളെയും സാങ്കേതികപ്രവർത്തകരെയും ഞങ്ങൾ നിർമിക്കുന്ന സിനിമകളിൽ പങ്കെടുപ്പിക്കില്ല’’– ഐഎംപിപിഎ പ്രസിഡന്റ് ടി.പി. അഗർവാൾ‌ വ്യക്തമാക്കി.

താൻ നിർമിക്കുന്ന ‘ലാലീ കീ ശാദീ മേം ലഡൂ ദീവാനാ’ എന്ന സിനിമയിൽ നിന്നു പ്രമുഖ പാക്ക് ഗായകൻ റഹത് ഫത്തേ അലി ഖാനെ ഒഴിവാക്കിയതായി ടി.പി. അഗർ‌വാൾ അറിയിച്ചു. പാക്ക് താരങ്ങളെ ബഹിഷ്കരിക്കണമെന്നു പല സംഘടനകളിൽ നിന്നും മുംബൈയിലെ സിനിമാ നിർമാതാക്കളുടെ മേൽ സമ്മർദം ഉണ്ടായിരുന്നു. പാക്ക് താരങ്ങൾ 48 മണിക്കൂറിനകം ഇന്ത്യ വിട്ടുപോകണമെന്നും ഇല്ലെങ്കിൽ ബലംപ്രയോഗിച്ചു പുറത്താക്കുമെന്നും മഹാരാഷ്ട്ര നവനി‍ർ‌മാൺ സേന നേതാവ് രാജ്‌ താക്കറെ ഭീഷണിപ്രഖ്യാപനം നടത്തുക പോലും ചെയ്തു.

അതേസമയം, ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതു പാക്കിസ്ഥാനിലെ തിയറ്റർ ഉടമകളുടെ സംഘടന വിലക്കിയിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച വിലക്ക് ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിലെത്തുന്നതു വരെ തുടരുമെന്ന്, ഇസ്‌ലാമാബാദിലും കറാച്ചിയിലുമായി എട്ടു തിയറ്ററുകളുടെ ഉടമ കൂടിയായ നദീം മാൻ‌ഡവിവാല പറഞ്ഞു. തങ്ങളുടെ തിയറ്ററുകളിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 10 തിയറ്ററുകള്ള സൂപ്പർ സിനിമാസിന്റെ ജനറൽ മാനേജർ ഖുറം ഗുൽതാസാബും അറിയിച്ചു.

ഇതിനിടെ, ഇരുരാജ്യങ്ങളിലെയും ചലച്ചിത്രസംഘടനകൾ തമ്മിൽ സിനിമായുദ്ധം ആരംഭിച്ചതിനെതിരെ താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഭീകരർ ആക്രമണം നടത്തുന്നതിനു സിനിമാതാരങ്ങൾ എന്തു പിഴച്ചുവെന്നു പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ ചോദിക്കുന്നു. ഭീകരതയും സിനിമയും വ്യത്യസ്ത വിഷയങ്ങളാണെന്നും രണ്ടിനെയും തമ്മിൽ ബന്ധപ്പെടുത്തരുതെന്നും സൽമാൻ ആവശ്യപ്പെട്ടു.