കൊതുകു വളര്‍ച്ച; ജൂഹി ചൗളയ്ക്കും അനില്‍ കപൂറിനും നോട്ടീസ്

ബോളീവുഡ്‌ സൂപ്പര്‍ താരങ്ങളാണെന്ന്‌ പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും. ഡങ്കി അടക്കമുള്ള പകര്‍ച്ച പനികള്‍ പടരുന്ന സാഹചര്യത്തില്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതില്‍ ജൂഹി ചൗളയ്‌ക്കും അനില്‍ കപൂറിനും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ്‌ അയച്ചു.

കൊതുകുവളര്‍ച്ച തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് ചൂണ്ടികാണിച്ചാണ് ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അനില്‍ കപൂര്‍, ജൂഹി ചൗള, ഗജേന്ദ്ര എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ വീടുകളില്‍ ബി എം സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

അനില്‍ കപൂറിന്‍റെ വീടിന് പുറത്തുള്ള ഒരു ഷീറ്റില്‍ ആണ് കൊതുകുവളര്‍ച്ച കണ്ടെത്തിയത്. മാത്രമല്ല സോനം കപൂറിനും കഴിഞ്ഞയിടെയാണ് ഡങ്കിപ്പനി പിടിച്ചത്. ജൂഹിയുടെ ചൗളയുടെ വീട്ടില്‍ കൃത്രിമമായി ഉണ്ടാക്കിയ കുളത്തിലായിരുന്നു കൊതുകു വളര്‍ച്ച. നിയമപ്രകാരം 2000 മുതല്‍ പതിനായിരം വരെ ഇവരില്‍ നിന്നും പിഴ മേടിക്കാനാകും.

അമിതാഭ്‌ ബച്ചന്‍, ഷബാന ആസ്‌മി എന്നിവരുടെ വീട്ടിലും ബി.എം.സി ഉദ്യോഗസ്‌ഥര്‍ പരിശോധനയ്‌ക്കെത്തിയത്‌ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇവരുടെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയില്‍ ബി.എം.സി തൃപ്‌തരായിരുന്നു.