ഡിജെ ആയി ബോബി എത്തി; ആളുകൾ കൂവി ഓടിച്ചു

ഒരു ആവേശത്തിന് ഡിജെ ആകാൻ പോയതാണ് നടൻ ബോബി ഡിയോൾ. സിനിമയ്ക്ക് വേണ്ടിയല്ല, ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ടിക്ക് വേണ്ടിയാണ് ബോബി ഡിജെ ആയത്. അറിയാത്ത പണിക്ക് പോയ ബോബിക്ക് കിട്ടിയതോ എട്ടിന്റെ പണിയെന്ന് പറയാം.

ബോബി ഡിജെ ആയി എത്തുന്ന പാർട്ടി എന്ന പേരിൽ വൻ തുകയാണ് ടിക്കറ്റ് ആയി ഹോട്ടൽ അധികൃതർ ഈടാക്കിയത്. നടൻ വരുന്നത് കൊണ്ട് ടിക്കറ്റും നേരത്തെ തന്നെ വിറ്റുപോയി. അങ്ങനെ ക്ലബിൽ പാർട്ടി തുടങ്ങി. ഡിജെ ആയി ബോബിയും എത്തി.

ബോബി തന്നെ നായകനായി എത്തി 1997ല്‍ പുറത്തിറങ്ങിയ ഗുപ്ത് എന്ന സിനിമയുടെ ടൈറ്റിൽ ട്രാക്കോടെയാണ് ഡിജെ ആരംഭിച്ചത്. തുടർന്ന് ഈ ഗാനത്തിലെ പാട്ടുകൾ മാത്രമാണ് അവിടെ ഉപയോഗിച്ചത്. വേറൊരു ഗാനവും ഉൾപ്പെടുത്തിയുമില്ല.

കുറച്ച് കഴിഞ്ഞതോടെ വന്ന ആളുകൾ കൂവലും ബഹളവും തുടങ്ങി. ഇങ്ങനെയാണെങ്കിൽ പാർട്ടി അവസാനിപ്പിച്ച് മേടിച്ച തുക തിരികെ നൽകണമെന്നായി. 2500 മുതൽ 4000 വരെയായിരുന്നു ടിക്കറ്റിന് ഈടാക്കിയ തുക. ബഹളം കൂടിയതോടെ ബോബി പതിയെ സ്ഥലം വിടുകയായിരുന്നു.