ഷാരൂഖ് പോട്ടെ, കാജൽ അടുത്ത ട്രെയിനിൽ പോകാം

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമെന്ന വിശേഷണം സ്വന്തമാക്കിയ ചിത്രമാണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ. ഓടുന്ന ട്രെയിനിൽ നിൽക്കുന്ന രാജിനെയും പിന്നാലെ എത്തുന്ന പ്രണയിനി സിമ്രാനെയും പ്രേക്ഷകർ അങ്ങനെയൊന്നും മറക്കില്ല.

എന്നാല്‍ ട്രെയിനിന് പിന്നാലെയുള്ള ഈ ഓട്ടം അത്ര നല്ലതല്ലെന്നാണ് ഗവണ്‍മെന്‍റ് റെയില്‍വെ പൊലീസിന്‍റെ അഭിപ്രായം. ഓടുന്ന ട്രെയിനിന് പിന്നാലെയുള്ള ഇത്തരം അഭ്യാസങ്ങള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ഇതിനെതിരെ ഒരു ബോധവത്കരണപരിപാടി തുടങ്ങാനുള്ള തയാറെടുപ്പിലാണ് റെയില്‍വെ പൊലീസ്.

ഡി.ഡിഎല്‍.ജെയുടെ ഈ രംഗം ഉപയോഗിച്ചുള്ള ഒരു മിനിട്ട് ദൈര്‍ഘ്യമുളള അനിമേറ്റഡ് ഫിലിം ആണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. രാജിന്‍റെ കൂടെ ട്രെയിനില്‍ കയറാനായി ഓടുന്ന സിമ്രാന്‍ ഒരു പഴത്തൊലിയില്‍ തട്ടി റെയില്‍വെ പാളത്തിലേക്ക് വീഴുന്നതും , തീവണ്ടിയുടെ വാതിലിന് അരികില്‍ സിമ്രാനെ കാത്ത് നില്‍ക്കുന്ന രാജ് തലയടിച്ച് വീഴുന്നതുമായ രംഗങ്ങളാണ് ഫിലിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീവണ്ടി യാത്രയുടെ സുരക്ഷയും ശരീരഭാഗങ്ങള്‍ ഒന്നും തന്നെ പുറത്തിടരുതെന്ന നിര്‍ദ്ദേശവും വിഡിയോ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയവയിലൂടെ ഈ വിഡിയോ പരമാവധി ആളുകളില്‍ എത്തിക്കാനാണ് ഇവരുടെ ശ്രമം. മാത്രമല്ല ഡി.ഡിഎല്‍.ജെയിലെ താരങ്ങളോട് ഇവര്‍ സിനിമയില്‍ കാണിച്ച രംഗങ്ങള്‍ തങ്ങളുടെ ആരാധകര്‍ അനുകരിക്കരുതെന്ന് അഭ്യര്‍ഥിക്കണമെന്ന് നിര്‍ദേശിച്ച് റെയില്‍വെ പൊലീസ് കത്തയച്ചിട്ടുണ്ട്.

ഇതേ രംഗം പല സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. ഷാരൂഖിന്‍റെ തന്നെ ചെന്നൈ എക്സ്പ്രസ്, ദിലീപിന്‍റെ ഇവന്‍ മര്യാദരാമന്‍, ദുല്‍ഖര്‍ സല്‍മാന്‍റെ 100 ഡെയ്സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലും ഈ രംഗം പുനരവതരിപ്പിച്ചിട്ടുണ്ട്.