ഞാന്‍ കോപ്പിയടിക്കാറുണ്ട്: രാജമൗലി

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രമായി ബാഹുബലി മാറികഴിഞ്ഞു. ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെങ്കിലും സിനിമയ്ക്കെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് സിനിമകളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ബാഹുബലിയില്‍ മാത്രമല്ല രാജമൗലിയുടെ പല സിനിമകളിലും ഇതേ വിമര്‍ശനം വന്നിരുന്നു. ഈയിടെ മദ്രാസ് ഐഐടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സാക്ഷാല്‍ രാജമൗലിയോട് തന്നെ ഈ ചോദ്യം ഒരു വിദ്യാര്‍ഥി ചോദിക്കുകയുണ്ടായി.

നേരിട്ട് അദ്ദേഹത്തോട് ചോദിക്കാന്‍ പേടിയായതുകൊണ്ട് കുറച്ചുവളഞ്ഞ വഴിയിലാണ് വിദ്യാര്‍ഥി ഈ ചോദ്യം രാജമൗലിയോട് ചോദിച്ചത്. ചെറുപ്പക്കാലത്ത് ഒരുപാട് സ്വാധീച്ച ഏതെങ്കിലും ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ താങ്കളുടെ സിനിമകളില്‍ ഉപയോഗിച്ചുണ്ടായിരുന്നോ എന്നായിരുന്നു ചോദ്യം.

ഈ ചോദ്യം ഉയര്‍ന്നതോടെ രാജമൗലിയുടെ ഉത്തരത്തിനായി വേദി നിശബ്ദമായി. ' ആ ചോദ്യം ചോദിച്ചയാള്‍ വളരെ മര്യാമര്യാദക്കാരനാണ്. സത്യത്തില്‍ യഥാര്‍ഥ ചോദ്യം, ഹോളിവുഡില്‍ നിന്നും താങ്കള്‍ കോപ്പിയടിക്കാറുണ്ടോ എന്നാണ്. രാജമൗലി പറഞ്ഞു. ഇതുപറഞ്ഞതും ഹര്‍ഷാരവം മുഴങ്ങി.

' ഈ ചോദ്യത്തിന് എനിക്കുള്ള ഉത്തരം യേസ് ആണ്. ഞാന്‍ കോപ്പിയടിക്കാറുണ്ട്. അത് പ്രകടമായതും ഏവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരുപാട് കാര്യങ്ങള്‍ വായിച്ചും അനുഭവിച്ചും ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കല അനുകരിക്കാനുള്ളതാണെന്നതാണ്. പക്ഷേ അത് നമ്മുടേതായ രീതിയില്‍ മാറ്റിമറിക്കണം. രാജമൗലി പറയുന്നു.

ഒറിജിനലില്‍ നിന്ന് പ്രചോദനം ചെയ്ത് ചെയ്യുന്ന രംഗങ്ങള്‍ സിനിമയില്‍ മോശമായി വന്നാല്‍ തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും രാജമൗലി പറഞ്ഞു.