സൈനയെ ഞെട്ടിച്ച ഷാരൂഖ് ഖാന്‍

ലോക ഒന്നാം നമ്പര്‍ പദവിയിലുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സൈന നെഹ്‌വാള്‍. സൈനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാതാരങ്ങളിലൊരാളാണ് ബോളിവു‍ഡിന്‍റെ കിങ് ഖാന്‍ ഷാരൂഖ്. ജപ്പാനില്‍ ഒരു ടൂര്‍ണമെന്‍റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സൈന ആ വാര്‍ത്ത അറിയുന്നത്.

സിനിമാഷൂട്ടിങിനായി ഷാരൂഖ് ഖാന്‍ ഹൈദരാബാദിലെത്തുന്നുവെന്ന്. സ്വന്തം നാട്ടില്‍ പ്രിയതാരം എത്തുന്നുവെന്ന് അറിഞ്ഞതോടെ എങ്ങനെയെങ്കിലും അദ്ദേഹത്തെ കണ്ടാല്‍ മതിയെന്നായി. ഉടന്‍ തന്നെ ട്വിറ്ററില്‍ ഷാരൂഖിനൊരു ട്വീറ്റും.

ഹലോ സാര്‍, സിനിമയുടെ ഷൂട്ടിങിനായി താങ്കള്‍ ഹൈദരാബാദില്‍ എത്തുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. താങ്കളെ ഒന്ന് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. സൈന ട്വീറ്റ് ചെയ്തു. ഉടന്‍ വന്നു കിങ് ഖാന്‍റെ മറുപടി, ‘സൈന, എപ്പോഴാണ് സൈനയ്ക്ക് സമയമുള്ളതെന്ന് പറഞ്ഞാല്‍ മതി, ഉടന്‍ തന്നെ നേരിട്ട് കാണാം. ഇങ്ങനെയായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.

അത്കേട്ടതും സൈനയ്ക്ക് സന്തോഷമായി. സാര്‍ നാളെ വന്നാല്‍ കാണാന്‍ പറ്റുമോ ? ഹൈദരാബാദ് ആണ് ഞാന്‍ താമസിക്കുന്നത്. ’ സൈനയുടെ അടുത്ത ട്വീറ്റ്. അതിനും ഷാരൂഖ് മറുപടി നല്‍കി. ‘രാത്രിയില്‍ സൈനയെവിളിക്കാമെന്നും നല്ലൊരു സമയത്തുതന്നെ കാണാമെന്നും ഷാരൂഖ് ട്വീറ്റിലൂടെ ഉറപ്പുനല്‍കി.

ഷാരൂഖിന്‍റെ പ്രതികരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സൈന. ഷാരൂഖിനെപ്പോലെ വലിയൊരു താരം എന്‍റെ അപേക്ഷ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ വലിയൊരു ആരാധികയാണ് താനെന്നും സൈന പിന്നീട് പറഞ്ഞു.