ജിയാ ഖാന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്

ബോളിവുഡ് താരം ജിയാ ഖാന്റെ മരണം ആത്മഹത്യ അല്ലെന്ന് ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധന്‍. ജിയയുടെ കഴുത്തിലെയും മുഖത്തെയും പാടുകള്‍ കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇദ്ദേഹം പറയുന്നു.

താരത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്നും ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധനായ ജാസണ്‍ പെയ്‌നെ ജെയിംസ് പറഞ്ഞു. ഇതോടെ മൂന്നുവർഷം മുമ്പുള്ള കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലിന് വിരുദ്ധമാണ് ബ്രിട്ടീഷ് വിദഗ്ധന്റെ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധന്റെ കണ്ടെത്തല്‍ ജിയയുടെ അമ്മ റാബിയ മുംബൈയിലെ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യൻ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലില്‍ തൃപ്തിവരാതെ റാബിയ തന്നെ നേരിട്ട് സമീപിച്ച ഫോറന്‍സിക് വിദഗ്ധനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അതേസമയം ഒരു വിദേശ രാജ്യത്ത് നിന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജിയയെ കൊലപ്പെടുത്തിയാണെന്ന വാദം തള്ളി സി.ബി.ഐ ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

2013 ജൂണ്‍ മുന്നിന് ആണ് മുംയൈിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു ജിയാ ഖാന്‍. മാത്രമല്ല ജിയയുടെ അമ്മയായ റാബിയ മകൾ ഒരുകാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ജിയയുടെ ആണ്‍ സുഹൃത്തും നടനുമായ സൂരജ് പഞ്ചോളിയെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

സൂരജിനെതിരെ പ്രരണാകുറ്റമല്ല കൊലപാതകക്കുറ്റം തന്നെ ചുമത്തണമെന്ന് റൂബിയ ഖാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസും സിബിഐയും ജിയാ ഖാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. 2013 ജൂലൈ രണ്ടിന് മുംബൈ ഹൈക്കോടതി സൂരജിന് ജാമ്യം അനുവദിച്ചു.