വാർത്ത സത്യം തന്നെ; 10 വർഷങ്ങൾക്ക് ശേഷം ഷാരൂഖും സല്ലുവും ഒരു ചിത്രത്തിൽ

ബോളിവുഡ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്തയാണ് സംവിധായകൻ കബീർ ഖാൻ പുറത്തുവിട്ടത്. ഷാരൂഖ് ഖാനും സൽമാനും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നു. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലാണ് കിങ് ഖാനും സല്‍മാന്‍ ഖാനും ഒരുമിച്ചെത്തുന്നത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരെയും സ്‌ക്രീനില്‍ ഒന്നിപ്പിക്കുന്നത് സംവിധായകന്‍ കബീര്‍ ഖാനാണ്. ചിത്രത്തില്‍ അതിഥി താരമായാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുക. കബീർ ഖാൻ ട്വിറ്ററിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു.

2007ൽ ഫറാ ഖാൻ സംവിധാനം ചെയ്ത് ഓം ശാന്തി ഓം എന്ന സിനിമയിലെ ഗാനരംഗത്തിൽ ഷാരൂഖിനൊപ്പം സൽമാൻ പ്രത്യക്ഷപ്പെട്ടിരുന്നു. സൂപ്പർഹിറ്റ് ചിത്രമായ ഏക് ഥാ ടൈഗർ, ബജ്രംഗി ഭായിജാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കബീറും സല്ലുവും വീണ്ടും ഒന്നിക്കുന്ന സിനിമകൂടിയാണ് ട്യൂബ് ലൈറ്റ്.

1962 ലെ ഇന്തോ-ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്. ചൈനീസ് നടി സു സുവാണ് ചിത്രത്തിലെ നായിക. ഇഷ തല്‍വാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൺമറഞ്ഞ വിഖ്യാതനടൻ ഓം പുരിയും ചിത്രത്തിലുണ്ട്.

1995 ല്‍ പുറത്തിറയങ്ങിയ കരണ്‍ അര്‍ജുനാണ് ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. പിന്നീട് ദുഷ്മണ്‍ ദുനിയാ കാ, കുച് കുച് ഹോതാ ഹെ, ഹര്‍ ദില്‍ ജൊ കരേഗ, ഹം തുമാരേ ഹേ സനം, ഓം ശാന്തി ഓം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു.