ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ‘വലിയ തമാശ’: കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നത് വലിയ തമാശയാണെന്നും ഒരാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞാല്‍ ജയിലില്‍ അടയ്ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നതെന്നും ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍. ജയ്പൂര്‍ സാഹിത്യോത്സവത്തിനോട് അനുബന്ധിച്ച് നടന്ന സംവാദത്തിലാണ് കരണിന്റെ പ്രതികരണം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ ലോകോത്തിലെ വലിയ തമാശയാണിന്ന്. ഞാനൊരു ചലച്ചിത്ര സംവിധായകനാണ് എന്നാല്‍ ഞാനിതുവരെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്താണെന്നറിഞ്ഞിട്ടില്ല. കരണ്‍ ജോഹര്‍ വിശദമാക്കി.

ഇപ്പോള്‍ എനിക്ക് തോന്നുത് എവിടെയെങ്കിലും പോയാല്‍ എനിക്കെതിരെ നിയമ നടപടികള്‍ കാത്തിരിക്കുന്നു എന്നാണ്. എവിടെ പോയാലും ഇപ്പോള്‍ തനിക്ക് ഭയമാണെന്നും കരണ്‍ പറയുന്നു. ഇവിടെ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ വീട്ടിലെത്തുബോഴേക്കും ഒരു പരാതി എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ ഞാന്‍ ഒരു തരത്തില്‍ എഫ്‌ഐആര്‍ രാജാവായി കഴിഞ്ഞിരിക്കുന്നു. നേരത്തെ എഐബി റോസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ബന്ധപ്പെടുത്തി സംസാരിക്കുകയായിരുന്നു കരൺ.

അസഹിഷ്ണുത പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് സര്‍ക്കാരുമായി കലഹത്തിനില്ല. ഞാന്‍ സിനിമ ഉണ്ടാക്കുന്ന ആളാണ്. ഇതിനെ കുറിച്ച് സംസാരിച്ച ബോളിവുഡ് താരങ്ങളുടെ അവസ്ഥ എന്താണ് എന്നും ചോദിക്കുന്നു. ഞാന്‍ ഭരണത്തിനോട് പോരാടണോ? എല്ലാ സിനിമയ്ക്ക് വേണ്ടിയും സെന്‍സറിനോട് കലഹിക്കുന്നുണ്ട്. നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കോ, നിങ്ങള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല. നമ്മള്‍ പിന്നെ എങ്ങനെയാണ് ജനാധിപത്യം വെച്ചുപുലര്‍ത്തുന്നത്?

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്ന വകുപ്പ് നമ്മള്‍ മറികടക്കേണ്ട വലിയൊരു കടമ്പയാണെന്നും കരണ്‍ ജോഹര്‍ പറയുന്നു. ശശി തരൂര്‍ എംപിയെ പോലുള്ളവര്‍ പാര്‍ലമെന്റില്‍ ഈ വിഷയം എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു ബില്ല് പാസാക്കി എടുക്കാം, ധര്‍ണ നടത്താം, എന്നാല്‍ സമൂഹത്തിന്റെ ജനിതക ഗുണവും മാനസിക ഘടനയിലും മാറ്റം വരുന്നില്ലെങ്കില്‍ പ്രയോജനമില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ആമിർ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കരൺ ജോഹറും രംഗത്തെത്തിയത്.