നായിക പൊക്കി, സിനിമയുടെ വ്യാജനെ

നടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം (ഇടത്), ക്രിതി (വലത്)

സിനിമാവ്യവസായത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് വ്യാജപ്രിന്റുകൾ പുറത്തിറങ്ങുന്നത്. ബോളിവുഡില്‍ ആണ് ഇത് ഏറ്റവുധികം ബാധിക്കുന്നതും. റിലീസ് ചെയ്യുന്ന ദിനം തന്നെ ആ സിനിമയുടെ വ്യാജൻ ഇന്റർനെറ്റിലെത്തും. ഇതുമൂലം ചിത്രത്തിന്റെ നിര്‍മാതാവിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്.

തിയറ്ററിൽ നിറഞ്ഞോടുന്ന സിനിമയുടെ വ്യാജൻ അതേ സിനിമയിലെ നായികയുടെ മുന്നിലിരുന്ന് ഒരാൾ കണ്ടുകൊണ്ടിരുന്നാൽ എന്തായിരിക്കും സംഭവിക്കുക.

ഷാരൂഖ് ഖാൻ ചിത്രമായ ദിൽവാലെയിലെ നായികയായ ക്രിതി സനോനാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. ക്രിതി വിമാനത്തിൽ സഞ്ചരിക്കുമ്പോൾ കണ്ട കാഴ്ച തൊട്ടരികിലുള്ള യാത്രക്കാരൻ ദിൽവാലെയുടെ വ്യാജപ്രിന്റ് കണ്ടുകൊണ്ടിരിക്കുന്നു.

ഈ കാഴ്ച തന്നെ വളരെയെറെ വേദനപ്പെടുത്തിയെന്ന് ക്രിതി പറയുന്നു. എത്രപേരുടെ കഷ്ടപ്പാടാണ് ഇതുമൂലം ഇല്ലാതാകുന്നതെന്ന് ഇവർ മനസ്സിലാക്കുന്നില്ല. ദേഷ്യം പ്രകടമാക്കാതെ നടി വളരെ സൗമ്യതയോടെ ആ യാത്രക്കാരന്റെ അടുത്തെത്തി വ്യാജപ്രിന്റ് കാണരുതെന്നും ചിത്രം തിയറ്ററിൽ പോയി കാണുവാനും അഭ്യർഥിച്ചു. എന്നാൽ നടിയുടെ അഭ്യർഥന ഒന്നു ചെവിക്കൊള്ളാൻ പോലും യാത്രക്കാരന്‍ തയ്യാറായില്ല.

നടി ആ യാത്രക്കാരൻ സിനിമകാണുന്ന ദൃശ്യവും തനിക്കുണ്ടായ അനുഭവവും ഫോട്ടോ സഹിതം സോഷ്യല്‍മീഡിയയിൽ പോസ്റ്റുചെയ്തു.