കനയ്യയുടെ സൂപ്പർഹിറ്റ് പ്രസംഗത്തിന് കെആർകെയുടെ രണ്ട് ലക്ഷം

ജയിൽ മോചിതനായ ജെഎൻ‌യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് കോമഡിതാരം കമാല്‍ ആർ ഖാൻ. കനയ്യ കുമാർ നടത്തിയ സൂപ്പർ ഹിറ്റ് പ്രസംഗത്തിനാണ് ഈ തുകയെന്ന് ട്വിറ്ററിലൂടെ കമാൽ അറിയിച്ചു. തന്റെ ഡല്‍ഹിയിലെ ഓഫീസിലെത്തി ആരെങ്കിലും തുക കൈപ്പറ്റാന്‍ ട്വിറ്ററിലൂടെ നിര്‍ദേശിച്ചു.

ഇന്ത്യാവിരുദ്ധ പരിപാടി സംഘടിപ്പിച്ചെന്നും മുദ്രാവാക്യം വിളിച്ചെന്നും ആരോപിക്കപ്പെട്ട് അറസ്‌റ്റിലായി പിന്നീട് മോചിതനായ കനയ്യകുമാർ നടത്തിയ പ്രസംഗം ഏറെ ജനശ്രദ്ധനേടിയ സാഹചര്യത്തിലാണ് കമാലിന്റെ ഈ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചായക്കടക്കാരന്റെ മകനാണെങ്കില്‍, അതിലും പാവപ്പെട്ടയാളുടെ മകനാണ് കനയ്യകുമാര്‍. ജനം കൂടുതല്‍ പാവപ്പെട്ടവനൊപ്പമാണെന്നും, അതിനാല്‍ കനയ്യയ്ക്കാണ് ഭാവിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരു ഹീറോ ആക്കിയതിനും, ഭാവി രാഷ്ട്രീയക്കാരനാക്കിയതിലും മോദിയോട് നന്ദിയുണ്ടാകണമെന്നും കമല്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ എല്ലാ മന്‍ കി ബാത് പരിപാടിയും ചേര്‍ത്തതിന് തുല്യമാണ്, കനയ്യയുടെ ഇന്നലത്തെ ഒരു പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.