ദീപിക പദുക്കോണിനല്ല, ആ ഭാഗ്യം മാളവികയ്ക്ക്

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തിൽ നിന്നും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണെ ഒഴിവാക്കിയതായി വാർത്ത വന്നിരുന്നു. ലുക്ക് ടെസ്റ്റിൽ കഥാപാത്രത്തോട് യോജിക്കാത്തതിനാൽ നടിയെ മാറ്റുകയായിരുന്നുവെന്നാണ് അണിയറപ്രവർത്തകർ വിശദീകരിച്ചത്. ദീപികയ്ക്ക് പകരം ബോളിവുഡിലെ പ്രമുഖനടികളുടെ പേരുകളും പറഞ്ഞുകേട്ടു. എന്നാൽ ഇപ്പോഴിതാ ദീപികയ്ക്ക് പകരം ആ റോളിൽ തിളങ്ങാൻ എത്തുന്നത് മലയാളിതാരമാണ്.

ദുല്‍ക്കര്‍ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെ ശ്രദ്ധേയായ മാളവിക മോഹനാകും ദീപികയ്ക്ക് പകരം ആ വേഷത്തിലെത്തുക. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനനന്റെ മകളാണ് മാളവിക. മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദറിനും പ്രധാനവേഷത്തിൽ മാളവിക അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ പുറത്തായി. സിനിമയിൽ മാളവിക തന്നെയാണ് നായികയെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു കഴിഞ്ഞു. കഥാപാത്രത്തിന് പറ്റിയ മുഖം തേടി സംവിധായകൻ നടക്കുകയായിരുന്നെന്നും അതേ ലുക്ക് മാളവികയിൽ കാണാൻ കഴിഞ്ഞെന്നും ഇവർ അറിയിച്ചു. കൂടാതെ ലുക്ക് െടസ്റ്റിലും മാളവിക വിജയിച്ചു. മുംബൈയിൽ ചിത്രീകരണം തുടങ്ങി കഴിഞ്ഞു.

ബിയോണ്ട് ദ് ക്ലൗഡ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ആണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷാന്റെ സഹോദരിയുടെ വേഷമാണ് മാളവിക ചെയ്യുന്നത്. ഇന്ത്യയിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതം എ ആർ റഹ്മാൻ ആണ്.