ധോണിയെ ഹെലികോപ്റ്റര്‍ ഷോട്ട് പഠിപ്പിച്ച കൂട്ടുകാരന്റെ ദുരന്തകഥ

ചീറിപ്പാഞ്ഞുവരുന്ന പന്തിനെ വാനിലേക്ക് ചുഴറ്റിഅടിച്ച് പറപ്പിക്കുന്ന ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് പ്രശസ്തമാണ്. ആകാശം മുട്ടെ സിക്സറുകൾ പറത്തുന്ന ഈ ഷോട്ടിന്റെ സൃഷ്ടാവ് ധോണി അല്ല. ആ ക്രെഡിറ്റ് ധോണി നല്‍കുന്നത് തന്റെ ബാല്യകാല സുഹൃത്തായ സന്തോഷ് ലാലിനാണ്.

ധോണിയും സന്തോഷ് ലാലും ഒരുമിച്ചാണ് കളിച്ചുവളര്‍ന്നത്. പല ക്രിക്കറ്റ് ടൂർണമെന്റുകൾക്കും ഇവർ ഒരുമിച്ചാണ് പോകുന്നത്. അക്കാലത്ത് ടെന്നീസും ഇവരുടെ ഇഷ്ടവിനോദമായിരുന്നു. ഇരുവരും ഒരുമിച്ച് തന്നെ റെയില്‍വേയില്‍ ജോലിക്കും കയറി.

ബാറ്റിങിൽ പേടി എന്തെന്ന് അറിയാത്ത ബാറ്റ്സ്മാൻ ആയിരുന്നു സന്തോഷ്. തപ്പട് ഷോട്ട് എന്ന പേരിലായിരുന്നു അന്ന് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അറിയപ്പെട്ടിരുന്നത്. സന്തോഷാണ് ധോണിക്ക് ഈ ഷോട്ട് പഠിപ്പിച്ചുകൊടുത്തത്.

എന്നാൽ ഈ ജീവിതയാത്രയിൽ ധോണിയുടെ ഉയർച്ചയിൽ ഒപ്പമുണ്ടാകാൻ സന്തോഷിന് സാധിച്ചില്ല. മുപ്പത്തിരണ്ടാം വയസിലായിരുന്നു സന്തോഷ് ലാലിന്റെ മരണം. പാന്‍ക്രിയാസ് ഗ്രന്ധിയിലെ വീക്കത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സന്തോഷ് മരണത്തിന് കീഴടങ്ങിയത്.

സന്തോഷിനെ ഡൽഹിയിലെ ഒരു മികച്ച ആശുപത്രിയിലെത്തിലേക്ക് മാറ്റാൻ എയർആംബുലൻസ് സൗകര്യം വരെ ധോണി ഒരുക്കിയിരുന്നു. എന്നാൽ അപ്പോഴേക്കും സന്തോഷ് ധോണിയെ ഒറ്റയ്ക്കാക്കി യാത്രയായിരുന്നു.