മോഡലിനെ കൊന്നത് എന്തിനെന്ന് വെളിപ്പെടുത്തി സഹോദരൻ

‘മയങ്ങാനുള്ള ആ ഗുളിക ഞാൻ കൊടുക്കുമ്പോൾ ചേച്ചിക്ക് അറിയില്ലായിരുന്നു അത് മരണത്തിലേക്കാണെന്ന്’– പാക്കിസ്ഥാനിലെ അറിയപ്പെടുന്ന മോഡലും സമൂഹമാധ്യമങ്ങളിലെ താരവുമായ ഖൻ‌ദീൽ ബലോചിനെ കൊലപ്പെടുത്തിയതു വിശദീകരിക്കുമ്പോൾ അനുജൻ മുഹമ്മദ് വസീമിന്റെ വാക്കുകളിൽ കുറ്റബോധമൊന്നുമില്ല. ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുമ്പോൾ, മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഒഴിവാക്കിയ സന്തോഷമായിരുന്നു വസീമിന്.

കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങിൽ ഖൻ‌ദീൽ ബലോച് (26) പോസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും ബലോച് കുടുംബത്തിന്റെ മാനം കളഞ്ഞുകുളിച്ചെന്നാണ് വസീമിന്റെ നിലപാട്. മതപുരോഹിതൻ മുഫ്തി അബ്ദുൽ ഖാവിയുമൊത്തുള്ള വിവാദ സെൽഫികളും കൊലപാതകം അനിവാര്യമാക്കിയത്രേ. ഖൻദീലുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ മുഫ്തി ഖാവിക്ക് ഉന്നത മതസമിതിയിലെ അംഗത്വവും നഷ്ടമായിരുന്നു.

മുൾട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടിൽവച്ച് ശനിയാഴ്ച പുലർച്ചെയാണ് ഖൻദീലിനെ വസീം കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകത്തിനു പിന്നിൽ വസീമാണെന്നു ഖൻദീലിന്റെ പിതാവ് മുഹമ്മദ് അസീം നേരത്തേ ആരോപിച്ചതാണ്. ഫൗസിയ അസീം എന്ന പേര് ഉപേക്ഷിച്ച് ഖൻദീൽ ബലോച് എന്ന പുതിയ പേരിൽ മോഡലിങ്ങിൽ താരമായപ്പോൾ മുതൽ സഹോദരനിൽനിന്നു ഭീഷണി നേരിട്ട താരം സുരക്ഷ ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രിക്കുൾപ്പെടെ എഴുതിയിരുന്നു.

ഖൻദീലിന്റെ കൊലപാതകത്തോടെ ദുരഭിമാനക്കൊലയ്ക്കെതിരായി നിയമം കൊണ്ടുവരണമെന്ന ആവശ്യം പാക്കിസ്ഥാനിൽ ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനിൽ വർഷം തോറും നൂറുകണക്കിനു സ്ത്രീകളാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നത്