റയീസ് എത്തുന്നു മോഹനന്‍റെ കണ്ണുകളിലൂടെ

റയീസ് എന്ന ഷാരൂഖ് ചിത്രത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. ഷാരൂഖ്—ഫര്‍ഹാന്‍ അക്തര്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ഡോണ്‍ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു പ്രോജക്ട് ആരംഭിച്ചത്. രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോകനായകനായാണ് ഷാരൂഖ് എത്തുന്നത്.

1980കളിലെ ഗുജറാത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥപറയുന്നത്. എന്നാല്‍ സിനിമയ്ക്ക് ഒരു മലയാളിബന്ധമുണ്ടെന്ന കാര്യം ആര്‍ക്കുമറിയില്ല. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡോണ്‍ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക് തന്നെയായിരുന്നു. ആമിര്‍ ഖാ‍ന്‍ ചിത്രം തലാഷ്, ഫുക്രി എന്നിവയാണ് കെ.യു മോഹനന്‍ അവസാനമായി ചെയ്ത ചിത്രങ്ങള്‍.

ആക്ഷന്‍ സിനിമകളോട് പ്രത്യേക താല്‍പര്യമുള്ള മോഹനന്‍ പുതിയ ചിത്രത്തില്‍ മറ്റൊരു പരീക്ഷണം തന്നെയായിരിക്കും നടത്തുക. ഗുജറാത്തി സ്റ്റൈല്‍ വേഷത്തില്‍ കട്ടിത്താടിയിലാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി എത്തും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഈ ഈദിന് പുറത്തിറങ്ങും.