ഷാറൂഖ് ഖാന്റെ മകൻ മരത്തിൻ കൊമ്പത്ത്

അബ്രാം ട്രീ ഹൗസിൽ കയറി അലറി വിളിച്ചപ്പോൾ താഴെനിന്നു ഷാറൂഖ് ഖാൻ കയ്യടിച്ചു. പുതുവത്സരത്തിനു ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മകൻ അബ്രാമിനു സമ്മാനിച്ചതൊരു ട്രീ ഹൗസാണ്. ട്രീ ഹൗസ് നിർമിച്ചതാവട്ടെ കലാസംവിധായകൻ സാബു സിറിലും.

പുതുവത്സരത്തിന്റെ നാലോ അഞ്ചോ ദിവസം മുൻപാണ് സാബുവിന്റെ മകളോട് ഇത്തരമൊരു സ്വപ്നത്തെപ്പറ്റി ഷാറൂഖ് പറയുന്നത്. അലിബാഗ് ഫാം ഹൗസിൽ ഒരു ട്രീ ഹൗസ് പണിയണം. ഷാരൂഖിന്റെ മകൻ അബ്രാമിനുള്ള പുതുവൽസര സമ്മാനമായിട്ടാണിത്.

സാബു സിറിൾ തന്നെ ചുമതലയേറ്റു. അഞ്ചടി ഉയരത്തിൽ ഇരുപതോളം ചതുരശ്ര അടിയിൽ രണ്ടുദിവസം കൊണ്ട് രാവും പകലും പണിചെയ്തു ട്രീ ഹൗസ് പൂർത്തിയാക്കി. അഞ്ചടി ഉയരമുള്ള വീട്ടിൽ കുട്ടികൾക്കു മാത്രമല്ല വലിയവർക്കും കയറാം. അബ്രാം രണ്ടര വയസ്സുകാരനായതിനാലാണ് അഞ്ചടി ഉയരത്തിൽ ഇതു നിർമിച്ചത്. ഭാവിയിൽ കൂടുതൽ ഉയരമുള്ള കൊമ്പുകളിലേക്കു മാറ്റാവുന്ന തരത്തിൽ ക്ലാംപ് ഉപയോഗിച്ചാണ് ഇതു പിടിപ്പിച്ചിരിക്കുന്നത്. മേൽക്കൂര പ്രത്യേകതരം ഷീറ്റ് ഉപയോഗിച്ചാണു നിർമിച്ചത്. മഴയും കാറ്റും നേരിടാനാണിത്.

ഗൗരി ഖാൻ തന്നെയാണ് സാബു നിർമിച്ച ട്രീ ഹൗസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. മകൻ അവിടെ നിൽക്കുന്ന വിഡിയോയും അവർ പുറത്തുവിട്ടു. പല പ്രമുഖതാരങ്ങളുടെയും വീടിന്റെയും ഷോപ്പുകളുടെയും ഇന്റീരിയർ ചെയ്യുന്ന കലാസംവിധായകനാണ് സാബു സിറിൾ.