ഫാന്‍റം പാക്കിസ്ഥാനെതിരെയല്ല തീവ്രവാദത്തിനെതിരെയാണ്: സെയ്ഫ്

ഫാന്റം എന്ന ബോളിവുഡ് സിനിമ പാക്കിസ്ഥാന്‍ നിരോധിച്ചതിനെതിരെ നടന്‍ സെയ്ഫ് അലി ഖാന്‍. ഇത് പാക്കിസ്ഥാനെതിരെയുള്ള സിനിമയല്ല, ലോകവ്യാപകമായി നടമാടുന്ന തീവ്രവാദത്തിനെതിരെയുള്ള സിനിമയാണെന്ന് സെയ്ഫ് പറയുന്നു.

പാക്കിസ്ഥാനെതിരെ യാതൊന്നും സിനിമയിലില്ല, ഏതെങ്കിലും മതവിഭാഗത്തിനോ രാജ്യത്തിനോ എതിരല്ല, നിരോധനം നാണക്കേടാണ്. പാക്കിസ്ഥാനിലെ ചില സിനിമകള്‍ ഇന്ത്യ നിരോധിക്കുകയും ഇന്ത്യയിലെ ചില സിനിമകള്‍ പാക്കിസ്ഥാന്‍ നിരോധിക്കുന്നതും ഇപ്പോള്‍ സ്ഥിരം കാഴ്ചയാകുകയാണ്. ഇരു രാജ്യങ്ങളിലെയും ബന്ധത്തെ ഇത് ബാധിക്കുമെന്നും സെയ്ഫ് പറഞ്ഞു. മുംബൈ ഭീകരാക്രമണം പ്രമേയമാക്കി ഒരുക്കിയ ഫാന്റം തീവ്രവാദത്തിനെതിരെയാണ്. പാക്കിസ്ഥാന് എതിരെയല്ല. നേരത്തെ ഏജന്റ് വിനോദ് എന്ന ചിത്രവും സമാന രീതിയിലാണ് നിരോധിച്ചത്. ആ ചിത്രവും പാക്കിസ്ഥാന് എതിരായിരുന്നില്ലെന്ന് സെയ്ഫ് അലിഖാന്‍ വ്യക്തമാക്കി.

രോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹർജിയിലാണ് ഫാന്‍റം സിനിമ നിരോധിച്ചത്. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്നാണ് സയീദ് ചൂണ്ടിക്കാട്ടിയത്.

26/11 ഭീകരാക്രണവും ആഗോള തീവ്രവാദവും പ്രമേയമായി ചിത്രീകരിച്ച ഫാന്റം ആഗസ്റ്റ് 28നാണ് റിലീസ് ചെയ്യുന്നത്. ഹുസൈന്‍ സൈദിയുടെ ക്രൈം നോവലായ ‘മുംബൈ അവഞ്ചേഴ്‌സി’നെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബജ്രംഗി ഭായിജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്.