ആ തിമൂർ അല്ല എന്റെ മകൻ തൈമുർ; പ്രതികരണവുമായി സെയ്ഫ്

സെയ്ഫ് അലിഖാൻ–കരീന ദമ്പതികളുടെ കുഞ്ഞ് തൈമുർ അലിഖാന്റെ പേരുമായി ബന്ധപ്പെട്ട് വലിയവിവാദങ്ങൾ ഉടലെടുത്തിരുന്നു. തൈമുര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന്റെ പൂര്‍ണനാമം. അറബിയില്‍ തൈമുര്‍ എന്ന വാക്കിന്റെ അര്‍ഥം ഇരുമ്പ് എന്നാണ്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്.

സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതിൽ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വൻവിമർശനം ഉയര്‍ന്നിരുന്നു. വിഷയത്തിൽ പ്രതികരണവുമായി സെയ്ഫ് അലിഖാൻ രംഗത്ത്.

‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആളുകൾ വിമർശനവുമായി എത്തുന്നത്. അപ്പോൾ അവർക്ക് എന്തും പറയാം. ചിലപ്പോൾ അത് അങ്ങേയറ്റം മോശമാകാറുമുണ്ട്.’ സെയ്ഫ് പറഞ്ഞു. പിന്തുണച്ച് ഒരുപാട് പേർ എത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘തൈമുറിന്റെ കാര്യത്തിലും അനാവശ്യ ചർച്ചയാണ് നടന്നത്. ഒരുപാട് പേരുടെ ശബ്ദം ഉയർന്നു. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടെന്നു ഞാൻ തന്നെയാണ് തീരുമാനിച്ചത്. എല്ലാ കാര്യങ്ങളിലും ചില ഭാഗത്തുനിന്ന് എതിർപ്പുകൾ ഉണ്ടാകും. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണ്.’ സെയ്ഫ് പറഞ്ഞു.

തൈമുർ എന്ന് വിളിക്കാൻ എനിക്കും എന്റെ ഭാര്യയ്ക്കും ഒരുപാട് ഇഷ്ടമാണ്. ആ വാക്കിന്റെ അർഥവും. തിമൂർ എന്ന രാജാവിന്റെ പാരമ്പര്യവും എനിക്ക് അറിയാം. എന്റെ മകന്റെ പേര് തൈമുർ എന്നാണ്. ഇതൊരു പേർഷ്യൻ പേരാണ്. ഇരുമ്പ് എന്നാണ് അർഥം. ഇനി ഇതു മനഃപൂർവം ചെയ്തതാണെന്ന് പറയുകയാണെങ്കിൽ സിനിമയിൽ കാണിക്കുന്നതുപോലെ ഡിസ്ക്ലെയ്മർ കാണിക്കേണ്ടി വരും. ‘ഈ പേരുമായി ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ യാതൊരു സാമ്യവുമില്ല. എല്ലാം ആകസ്‌മികമായി സംഭവിച്ചതാണ്.’–സെയ്ഫ് പറഞ്ഞു.