ജയിലിലെ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് സഞ്ജയ് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്ത് 42 മാസത്തെ ശിക്ഷയ്ക്കു ശേഷം ജയിൽ മോചിതനായത് വികാരഭരിതനായി ആയിരുന്നു. ജയിൽ മോചിതനായതിലുള്ള തന്റ സന്തോഷവും രാജ്യത്തോടുള്ള തന്റെ വികാരവും മറച്ചുവയ്ക്കാൻ താരം തയ്യാറായില്ല. ജയിലിൽ നിന്നും പുറത്തിറങ്ങിയ താരം ജയിലിന് അഭിമുഖമായി നിന്ന് ജയിലിനും ദേശീയ പതാകയ്ക്കും സല്യൂട്ട് അടിക്കുകയായിരുന്നു.

1993ലെ മുംബൈ സ്ഫോടനക്കേസിലായിരുന്നു സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചത്. ദത്തിനെ സ്വീകരിക്കാൻ കുടുംബങ്ങൾ പുണെ യേർവാഡ ജയിലിലെത്തിയിരുന്നു. ഒക്ടോബർ വരെ ജയിലിൽ കഴിയേണ്ടിയിരുന്ന താരത്തെ നല്ലനടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്. ജയിലിലെ നല്ലനടപ്പിനെ തുടർന്ന് ഓരോ മാസവും ഏഴു ദിവസം വീതം ശിക്ഷയിൽ ഇളവു ലഭിച്ചിരുന്നു.

സ്ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിന് അഞ്ചു വർഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേർവാഡ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിച്ചത്.