ശിൽപച്ചേച്ചീ, അറിയാൻ വയ്യെങ്കിൽ പറയാതിരുന്നാൽ‌പ്പോരേ?

വലിയ മണ്ടത്തരം കാരണം രാജ്യാന്തര പ്രശസ്തയായിരിക്കുകയാണ് ബോളിവുഡ് നടി ശിൽപാ ഷെട്ടി. പ്രമുഖ ബ്രട്ടീഷ് എഴുത്തുകാരൻ ജോര്‍ജ് ഓര്‍വെല്ലിന്റെ 'അനിമല്‍ഫാം' മൃഗങ്ങളെ കുറിച്ചുള്ള നല്ല പുസ്തകമാണെന്ന് പറഞ്ഞതാണ് ശിൽപാ ഷെട്ടിയ്ക്ക് വിനയായത്. റഷ്യന്‍ വിപ്‌ളവത്തിനു ശേഷമുള്ള സ്റ്റാലിന്റെ കാലഘട്ടത്തെ വിമര്‍ശിച്ചെഴുതിയ അനിമല്‍ഫാം എന്ന പുസ്തകത്തെ തെറ്റിദ്ധരിച്ചാണ് ശില്‍പ ഷെട്ടിയുടെ പരാമര്‍ശം.

നടിയുടെ അഭിമുഖം പത്രങ്ങളിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ നടിയെ ട്രോളന്മാര്‍ ഏറ്റെടുത്തു.

സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പുതിയ സിലബസ് തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ഉൾപ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ശില്‍പ ഈ അഭിപ്രായം പറഞ്ഞത്. ‘ലോര്‍ഡ് ഓഫ് ദ് റിങ്ങ്‌സും ഹാരി പോര്‍ട്ടറും സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത് കുട്ടികളുടെ അറിവും സര്‍ഗ ശേഷിയും വര്‍ദ്ധിപ്പിക്കും. കൂടാതെ ‘അനിമല്‍ഫാം’ എന്ന പുസ്തകവും ഉള്‍പ്പെടുത്തണം. ഇത് കുട്ടിക്കാലം തൊട്ടേ മൃഗങ്ങളോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇങ്ങനെയായിരുന്നു ശില്‍പയുടെ മറുപടി.

ശിൽപയുടെ മറുപടി ട്വിറ്ററിൽ ട്രോളന്മാർ ആഘോഷമാക്കി മാറ്റി. ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും ഈ അബദ്ധം റിപ്പോർട്ട് ചെയ്യുകയുണ്ടായി.