ഷാരൂഖ് സെൽഫിയെടുത്തു; തിളങ്ങിയത് ഈ സുന്ദരി

റയീസിന്റെ പ്രചരണത്തിനായി പൂനൈയിൽ കിങ് ഖാനെ കാത്തിരുന്നത് ആയിരക്കണക്കിന് ആരാധകരാണ്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും സെൽഫിയും ഷാരൂഖ് ഖാൻ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഷാരൂഖിന്റെ സെൽഫി ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ തരംഗമാകുകയും ചെയ്തു. എന്നാൽ അതിലൊരു സെല്‍ഫി മറ്റൊരു വാർത്തയ്ക്ക് ഇടയാക്കി. സൂപ്പർതാരമെടുത്ത സെൽഫിയിലെ ഒരു പെൺകുട്ടിയെക്കുറിച്ചായിരുന്നു ആരാധകരുടെ ചർച്ച. ഗ്രീൻ കളർ ടീഷർട്ട് ധരിച്ച പെൺകുട്ടി ആരെന്നായിരുന്നു ആരാധകരുടെ സംശയം.

ഈ പെൺകുട്ടി ഒരു മോഡലാണെന്നായിരുന്നു ആരാധകരുടെ കമന്റ്. എന്തായാലും പെൺകുട്ടിയെ പേര് ആരാധകർ തന്നെ കണ്ടുപിടിച്ചു. കശ്മീർ സ്വദേശിയായ സൈമ ഹുസൈന്‍ ആണ് ഷാരൂഖിനൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കിയത്.

പൂനൈയിൽ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥിയാണ് സൈമ. തന്റെ അടുത്തസുഹൃത്താണ് ഷാരൂഖിനെ കാണാനായി മുൻനിരയിലെത്താൻ സഹായിച്ചതെന്ന് സൈമ പറയുന്നു.

ഈ ഫോട്ടോ ഷാരൂഖ് ഖാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ഫോൺകോളുകളും മെസേജുകളും വന്നുതുടങ്ങിയെന്ന് സൈമ പറയുന്നു. ആദ്യം എന്താണ് സംഭവമെന്ന് മനസ്സിലായില്ലെന്നും പിന്നീട് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ഇന്റർനെറ്റിലെ ചർച്ച താനാണെന്ന് അറിഞ്ഞതെന്നും സൈമ പറഞ്ഞു.