ബച്ചനെ തഴയുന്നു; ഇൻക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാകാൻ പ്രിയങ്ക

അമിതാഭ് ബച്ചന് പകരം ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പനാമ രേഖകളിലുള്ള കള്ളപ്പണക്കാരുടെ പട്ടികയില്‍ ബച്ചന്റെ പേര് ഉള്‍പ്പെട്ടതാണ് ഈ നീക്കത്തിന് കാരണമായത്.

നേരത്തെ അസഹിഷ്ണുത വിവാദത്തില്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ ഖാനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ആമിറിന് പകരം അമിതാബ് ബച്ചനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകള്‍ വന്നു. അതിനിടെയാണ് കള്ളപ്പണവിവാദം വരുന്നത്. കേസിൽ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചനകള്‍.

വിദേശത്ത് വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ അമിതാഭ് ബച്ചന്റെയും മരുമകൾ ഐശ്വര്യാ റായിയുടെയും പേരുകൾ പുറത്തു വന്നിരുന്നു. എന്നാൽ കള്ളപ്പണവുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ബച്ചൻ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്രതലത്തിലും ശ്രദ്ധനേടിയ വ്യക്തിത്വം എന്ന നിലയിലാണ് പ്രിയങ്കയെ പരിഗണിക്കുന്നത്. ബോളിവുഡില്‍ നിന്ന് ഹോളിവുഡ് വരെ എത്തി നില്‍ക്കുന്ന പ്രിയങ്ക ചോപ്ര അന്താരാഷ്ട്ര തലത്തിലും വ്യക്തിമുദ്രപതിപ്പിച്ച് കഴിഞ്ഞു.