തെറിയഭിഷേകം; ഷാരൂഖ് ട്വിറ്റർ ഉപേക്ഷിക്കുന്നു

ഒരുകോടി എഴുപത് ലക്ഷം ആരാധകരാണ് ഷാരൂഖ് ഖാനെ ട്വിറ്ററിലൂടെ പിന്തുടരുന്നത്. എന്നാൽ കുറച്ച് ദിവസമായി അദ്ദേഹം ട്വിറ്ററിൽ അത്ര സജീവമല്ല. സിനിമകളുടെ പ്രചരണത്തിനും മറ്റുമായി ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള താരം പുതിയ ചിത്രമായ ഫാനിന്റെ ഒരു ട്വീറ്റ് പോലും ഈയിടെയായി ചെയ്യുന്നില്ല.

എന്തായിരിക്കും ഷാരൂഖിന്റെ ഈ മാറ്റത്തിന് കാരണം. ഇത് സമയക്കുറവുകൊണ്ടല്ലെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്. അത് അദ്ദേഹത്തിന്റെ ആരാധകരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ വെറുക്കുന്നവരുടെ മോശം കമന്റുകളില്‍ മനംമടുത്താണ് താരത്തിനോട് ട്വിറ്ററിനോടുള്ള അകൽച്ച.

എന്ത് പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളാണ് ഷാരൂഖിന്റെ ട്വിറ്റർ പേജ് നിറയെ. ഒന്നുകില്‍ ഈ കമന്റുകൾക്ക് ഒരവസാനം വേണം. അല്ലെങ്കില്‍ ഞാന്‍ വിട്ടുനില്‍ക്കാം. അതാണ് ഷാരൂഖിന്റെ അവസാനതീരുമാനം.

ഒരു പ്രമുഖ വീഡിയോ എന്റര്‍ടെയ്ന്‍മെന്റ് ആപിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചത്. ‘ആളുകള്‍ നമ്മെപ്പറ്റി മോശം പറയുന്നത് ആർക്കാണ് ഇഷ്ടപ്പെടുക? എനിക്ക് അത് ഒട്ടും ഇഷ്ടമല്ല, നിര്‍ഭാഗ്യവശാല്‍ മിക്കപ്പോഴും എന്റെ ടൈംലൈനില്‍ മോശം കമന്റുകള്‍ ഞാൻ തന്നെ വായിക്കേണ്ടിവരുന്നു. ഇത്തരം നെഗറ്റീവ് ചിന്താഗതികളുടെ ആവശ്യമെന്താണ് എനിക്ക്? ഈ വിഡ്ഢികള്‍ അവിടെ എപ്പോഴും ഉണ്ടാവും. തല്‍ക്കാലം അവരുമായി ഇടപെടലൊന്നും വേണ്ടെന്നാണ് തീരുമാനം. ഷാരൂഖ് പറഞ്ഞു.

ട്വിറ്ററിനോടുള്ള ഈ വിടപറയൽ സ്ഥിരമാണോ അതോ താൽക്കാലികമാണോ എന്ന സംശയത്തിലാണ് ഇപ്പോൾ‌ ആരാധകർ.