വിട പറഞ്ഞു; സംവിധായകൻ അബ്ബാസ് കിരൊസ്താമി

ചലച്ചിത്രമേളകളിലൂടെ കേരളത്തിന്റെ പ്രിയപ്പെട്ട താരമായ ഇറാനിയന്‍ സംവിധായകൻ അബ്ബാസ് കിരൊസ്താമി (76) അന്തരിച്ചു. കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ നേടിയ ‘ടേസ്റ്റ് ഓഫ് ചെറി’ ഉൾപ്പെടെ ഒട്ടേറെ വിഖ്യാത ചിത്രങ്ങളൊരുക്കിയ അദ്ദേഹം അർബുദരോഗത്തെത്തുടർന്ന് ഫ്രാൻസിൽ ചികിത്സയിലായിരുന്നു. 2012ലിറങ്ങിയ ‘ലൈക്ക് സം വണ്‍ ഇൻ ലവ്’ ആണ് അവസാന ചിത്രം. ഇറാനിയൻ നവതരംഗ സിനിമയുടെ വക്താവായിരുന്ന കിരൊസ്താമി തിരക്കഥാകൃത്ത്, ഫൊട്ടോഗ്രാഫർ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

കിരൊസ്താമിയുടെ അവസാന ചിത്രം ഉൾപ്പെടെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ നാൽപതോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കിരൊസ്താമി. 1940 ജൂൺ 22ന് ടെഹ്റാനിലായിരുന്നു ജനനം. ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം പരസ്യമേഖലയിലൂടെയാണ് ചലച്ചിത്രലോകത്തേക്കു കടക്കുന്നത്. ചിത്രരചനയിലും ഫൊട്ടോഗ്രാഫിയിലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ താൽപര്യം ലോകത്തിനു സമ്മാനിച്ചതാകട്ടെ ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഫ്രെയിമുകളും.

ചെറുചിത്രങ്ങളിൽ നിന്നും ഡോക്യുമെന്ററികളിൽ നിന്നും തുടങ്ങി 1977ൽ ആദ്യ ഫീച്ചർ ഫിലിം പുറത്തിറക്കി - ദ് റിപ്പോർട്ട്. ഇറാനിയൻ സിനിമയിൽ സെൻസറിങ് ശക്തമാക്കിയ സമയത്ത് പല ചലച്ചിത്ര പ്രവർത്തകരും രാജ്യം വിട്ടിരുന്നു. എന്നാൽ വിട്ടുവീഴ്ചകൾക്കു തയാറായി ഇറാനിൽ തന്നെ തുടരുകയായിരുന്നു കിരൊസ്താമി.

ക്ലോസ് അപ് (1990)

ഭൂമിയിൽ വേരുറപ്പിച്ച മരത്തെപ്പോലെയാണ് താനെന്നാണ് ഇതിനെപ്പറ്റി കിരൊസ്താമി ഒരിക്കൽ പറഞ്ഞത്. ‘മരം പറിച്ചു നട്ടാൽ അതിൽ കായ്ഫലമുണ്ടാകില്ല. രാജ്യം വിട്ടാൽ ഞാനും അതേ അവസ്ഥയിലാകും..’ അദ്ദേഹം പറഞ്ഞു. 1987ലിറങ്ങിയ ‘വേർ ഈസ് ദ് ഫ്രണ്ട്സ് ഹോം?’ എന്ന ചിത്രമാണ് കിരൊസ്താമിയെ ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നത്.

1990ൽ ‘ക്ലോസ്-അപ്’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ ചലച്ചിത്രവിദ്യാർഥികളുടെയും പ്രിയപ്പെട്ടവനായി കിരൊസ്താമി. 1997ൽ കാനിൽ പാം ദി ഓർ പുരസ്കാരം നേടിയ ‘ടേസ്റ്റ് ഓഫ് ചെറി’ കൂടിയെത്തിയതോടെ പിന്നെ രാജ്യാന്തര ചലച്ചിത്രമേളകളിലും കിരൊസ്താമി ആഘോഷിക്കപ്പെട്ടു തുടങ്ങി.പിന്നീടങ്ങോട്ട് ദ് വിൻഡ് വിൽ ക്യാരി അസ്, ടെൻ, ടിക്കറ്റ്സ്, ഷിറിൻ, സർട്ടിഫൈഡ് കോപ്പി തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങൾ.

ടേസ്റ്റ് ഓഫ് ചെറി (1997)

ഒരു തിയേറ്ററിനകത്ത് സിനിമ കണ്ടു കൊണ്ടിരിക്കുന്നവരുടെ മുഖത്തെ ഭാവങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടെടുത്ത ചിത്രമായിരുന്നു ഷിറിൻ. കിരൊസ്താമിയുടെ ഈ പരീക്ഷണചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. ഏറ്റവും ഒടുവിൽ നാലു വർഷം മുൻപ് ഫ്രഞ്ച്-ജാപ്പനീസ് പ്രൊഡക്‌ഷനായ ‘ലൈക്ക് സംവൺ ഇൻ ലവും’ കേരളം കണ്ടത് നിറഞ്ഞ സദസ്സിലായിരുന്നു.

1969ൽ പർവീൺ അമീർ-ഘോലിയെ വിവാഹം ചെയ്തെങ്കിലും 1982ൽ വിവാഹമോചനം നേടി. അഹമ്മദ്, ബഹ്മാൻ എന്നിവരാണു മക്കൾ.