50 വർഷം, 200 സിനിമകൾ; അവസാനം ജാക്കി ചാന് ഓസ്കർ

സൂപ്പർ ആക്​ഷൻ താരം ജാക്കിചാന് ഹോണററി ഓസ്‌കര്‍ പുരസ്‌കാരം സമ്മാനിച്ചു. ആനുവൽ ഗവർണേർസ് അവാർഡ് ചടങ്ങിനിടെയാണ് ജാക്കി ചാന് പുരസ്കാരം സമ്മാനിച്ചത്. ‘56 വർഷമായി സിനിമയിൽ വന്നിട്ട്, ഇതിനകം ഇരുന്നൂറിലധികം സിനിമകൾ ചെയ്തു, കുറെ തവണ പരുക്കുകൾപറ്റി, ഇപ്പോൾ അവസാനം’. അവാർഡ് സ്വന്തമാക്കിയ ശേഷം ജാക്കി ചാൻ പറഞ്ഞു.

23 വർഷങ്ങൾക്ക് മുമ്പ് സിൽവസ്റ്റര്‍ സ്റ്റാലന്റെ വീട്ടിലെ ഓസ്കർ പുരസ്കാരം കണ്ടതു മുതലാണ് തനിക്കും ഓസ്കർ വേണമെന്ന ആഗ്രഹം തുടങ്ങിയതെന്ന് ജാക്കി ചാൻ പറയുന്നു. മാതാപിതാക്കൾക്കൊപ്പം ഓസ്കർ അവാര്‍ഡ് കാണുമ്പോൾ തന്റെ മകന് മാത്രം ഈ അവാർഡ് ലഭിക്കാത്തതെന്തെന്ന് പിതാവ് ചോദിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം ഓർത്തെടുത്തു. ഇനിയും സിനിമകളിൽ തുടരുമെന്നും, അടിയും അടിയും അപകടവും കൂടെ ഉണ്ടാകുമെന്നും ജാക്കി ചാൻ പറഞ്ഞു. അർണോൾഡ്, ക്രിസ് ടക്കർ, ടോം ഹാങ്ക്സ്, സിൽവസ്റ്റർ സ്റ്റാലൺ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരക്‌സാരം നല്‍കാന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തീരുമാനിച്ചത്. ഹോങ്കോങ് സ്വദേശിയായ ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര പ്രേമികളുടെ ഇഷ്ടം നേടിയത്.

62 കാരനായ ജാക്കി ചാൻ ആയുധ കലകൾക്ക് പ്രാമുഖ്യം നൽകുന്ന അനേകം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ്, ആയുധനകലാ വിദഗ്ധൻ, എഴുത്തുകാരൻ, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചയാളാണെങ്കിലും ഇതുവരെ ഒാസ്കാർ ലഭിച്ചിരുന്നില്ല.

ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റർ ആന്നി കോഡ്സ്, കാസ്​റ്റിങ്​ സംവിധായകൻ ലിൻ സ്​റ്റൽമാസ്​റ്റർ ഡോക്കുമെന്‍ററി നിർമാതാവ് ​ഫ്രഡിറിക്​ വിസ്മൻ എന്നിവർക്കും സമഗ്ര സംഭാവനയ്ക്കുള്ള ഹോണററി ഓസ്കാർ പുരസ്കാരം നൽകി ആദരിച്ചു.