കണ്‍തുറക്കാം കാന്‍സിലേക്ക്...

സര്‍വം സ്ത്രീമയം: അറുപത്തിയെട്ടാമത് കാന്‍ ഫിലിം ഫെസ്റ്റിവലിനെ ഒറ്റയടിക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. ഫെസ്റ്റിവലിന്റെ ഉദ്ഘാടനചിത്രത്തില്‍ നിന്നു തുടങ്ങി ഇത്തവണത്തെ മികവിന്റെ പാം ദി ഓര്‍ പുരസ്കാരത്തില്‍ വരെയെത്തി നില്‍ക്കുന്നു സ്ത്രീശക്തി. മേയ് 13 മുതല്‍ 24 വരെ നടക്കുന്ന മേളയുടെ ജൂറി അംഗങ്ങളിലുമുണ്ട് ശക്തമായ വനിതാസാന്നിധ്യം. ഫ്രഞ്ച് സംവിധായിക ഇമ്മാന്വേല്ല ബെര്‍കോയുടെ സ്റ്റാന്‍ഡിങ് ടോള്‍ (La Tete Haute) ആണ് ഉദ്ഘാടന ചിത്രം. കാനിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതയുടെ ചിത്രം ഉദ്ഘാടനസിനിമയായി പ്രദര്‍ശിപ്പിക്കുന്നത്. അലസനും തല്ലുകൊള്ളിയുമായ ഒരു ബാലന്റെ യൌവനത്തിലേക്കുള്ള യാത്രയാണ് ഈ ചിത്രം പറയുന്നത്. ധീരവും മനോഹരവുമായ ചലച്ചിത്രക്കാഴ്ചയിലൂടെ മേളയ്ക്ക് ഒരു തുടക്കം-ഇമ്മാന്വേല്ലയുടെ ഈ ചിത്രം തിരഞ്ഞെടുത്തിന് കാരണമായി കാന്‍സ് ഇവന്റ് ഡയറക്ടര്‍ പറഞ്ഞതിതാണ്.

2003ല്‍ പാം ദി ഓര്‍ പുരസ്കാരം(ചിത്രം: എലഫന്റ്) നേടിയിട്ടുള്ള ഗസ് വേന്‍ സേന്റിന്റെ ദ് സീ ഓഫ് ട്രീസ്, ജസ്റ്റിന്‍ കര്‍സേയുടെ മാക്ബെത്ത് എന്നിവയാണ് മേളയുടെ സമാപന ചിത്രങ്ങള്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ വൂഡി അലന്റെ ചിത്രം കാനിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 'ആന്‍ ഇറേഷനല്‍ മേന്‍' എന്ന ചിത്രവുമായാണ് വൂഡി അലന്‍ എത്തുന്നത്. പതിവു പോലെ ചിത്രം മത്സരവിഭാഗത്തിലേക്കല്ല അലന്‍ അയച്ചത്, കാന്‍സ് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മത്സരേതരവിഭാഗത്തില്‍ മാത്രം തന്റെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു വൂഡി അലന്റെ നിലപാട്.

1854 ചിത്രങ്ങളാണ് ഇത്തവണ മേളയിലേക്ക് സമര്‍പ്പിക്കപ്പെട്ടത്. അവയില്‍ 19 എണ്ണമാണ് പരമോന്നത പുരസ്കാരമായ പാം ദി ഓറിനു വേണ്ടി മത്സരിക്കുന്നത്. എ സെര്‍ടേന്‍ റിഗാര്‍ഡ് ((Un certain regard) സെക്ഷനിലും 19 ചിത്രങ്ങളാണ് മത്സരിക്കുക. ഔട്ട് ഓഫ് കോംപറ്റീഷനില്‍ നാല് ചിത്രങ്ങളും സ്പെഷല്‍ സ്ക്രീനിങ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിങ്ങില്‍ മൂന്നുചിത്രങ്ങളും ക്രിട്ടിക്സ് വീക്ക് വിഭാഗത്തില്‍ പത്തും ഡയറക്ടേഴ്സ് ഫോര്‍ട്നൈറ്റില്‍ 17 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

നടി നതാലി പോര്‍ട്മാന്‍ സംവിധാനം ചെയ്ത ആദ്യചിത്രം, എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നസും മേളയിലുണ്ട്. 15ന് മാഡ് മാക്സ്: ഫ്യൂരി റോഡിന്റെ രാജ്യാന്തര റിലീസിന് ഒരു ദിവസം മുന്നോടിയായി കാനില്‍ പ്രത്യേക പ്രദര്‍ശനം നടക്കും. അമേരിക്കന്‍ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ കോവെന്‍ സഹോദരന്മാരാണ് (ജോയല്‍+ഈഥന്‍ കോവെന്‍) ജൂറി അധ്യക്ഷന്മാര്‍. ഇന്‍ഗ്രിഡ് ബര്‍ഗ്മാന്റെ മകളും സംവിധായികയുമായ ഇസബെല്ല റോസെല്ലിനിയാണ് എ സെര്‍ടേന്‍ റിഗാര്‍ഡ് സെക്ഷന്റെ ജൂറിത്തലപ്പത്ത്. ബര്‍ഗ്മാനെപ്പറ്റിയുള്ള ഡോക്യുമെന്ററിയും മേളയില്‍ പ്രദര്‍ശിപ്പിക്കും.

കാനഡ, സപെയിന്‍, അമേരിക്ക, ഫ്രാന്‍സ്, മാലി, മെക്സിക്കോ, ഇംഗണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് ചലച്ചിത്രപ്രതിഭകളാണ് ഇത്തവണ ജൂറി അംഗങ്ങള്‍-നാല് വനിതകളും അഞ്ച് പുരുഷന്മാരും. എല്ലാവര്‍ക്കും തുല്യ വോട്ടിങ് അവകാശവുമാണ് ഇത്തവണ. ഫ്രഞ്ച് നടി സബിന്‍ അസിമയാണ് ഗോള്‍ഡന്‍ ക്യാമറ (ക്യാമറ ദി ഓര്‍) ജൂറി അധ്യക്ഷ. മികച്ച ആദ്യസിനിമയ്ക്കുള്ള പുരസ്കാരമാണ് ഗോള്‍ഡന്‍ ക്യാമറ.