ജീവിതത്തിലും ജയിംസ് ബോണ്ട് ആകാന്‍ നോക്കി; ബ്രോസ്നന് പൂട്ട്

വിമാനത്താവളത്തില്‍ കത്തിയുമായി എത്തിയ ഹോളിവുഡ് നടന്‍ പിയേഴ്സ് ബ്രോസ്നനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ബര്‍ളിങ്ടണ്‍ വിമാനത്താവളത്തിലാണ് 10 ഇഞ്ച് നീളമുള്ള കത്തിയുമായി മുന്‍ജയിംസ് ബോണ്ട് താരം വിമാനയാത്രയ്ക്കെത്തിയത്.

ദേഹപരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിയേഴ്സണന്‍റെ കൈയിലുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് കത്തി കിട്ടിയത്. പ്രശ്നം പരിഹരിച്ചതിന് ശേഷം താരത്തിന് യാത്രതുടരാമെന്ന് അവിടെയുള്ള ലോക്കല്‍ പൊലീസ് വിഭാഗം അറിയിച്ചു.

വിമാനയാത്രയ്ക്കിടയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളായ കത്തിയോ , ബോക്സ് കട്ടറോ, കത്രിക പോലും കൈയിലോ ഹാന്‍ഡ് ബാഗിലോ സൂക്ഷിക്കാന്‍ സാധിക്കില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ താരം അതൃപ്തി പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്. ഭാര്യ കീലിയും ഇളയമകനും താരത്തിനൊപ്പമുണ്ടായിരുന്നു.