ജാക്കി ചാന് അറുപതാം പിറന്നാൾ

ജാക്കി ചാൻ

ആക്ഷൻ ഇതിഹാസം ജാക്കി ചാന് ഇന്ന് അറുപതാം പിറന്നാൾ.അസാമാന്യ മെയ്വഴക്കവും വേഗതയും ഒരുമിപ്പിച്ച് ലോകമെമ്പാടുമുള്ള കാണികളെ അമ്പരപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്ത താരമാണ് ജാക്കി ചാൻ. ചാൻ കോങ്—സാൻഗ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

ആക്ഷനും കോമഡിയും ഒരുപോലെ അമ്മാനമാടി വിസ്മയം തീർക്കുന്ന ഈ ചൈനീസ് താരത്തിന്റെ ‘കുങ്ഫു‘ ശൈലിയിലുള്ള അഭ്യാസപ്രകടനങ്ങളും സ്റ്റണ്ട് രംഗങ്ങളും കണ്ട് പ്രേക്ഷകർ അന്തം വിട്ടിരുന്നിട്ടുണ്ട്. ബ്രൂസ് ലി ചിത്രങ്ങളിലെ സ്റ്റണ്ട് മാസ്ററായി സിനിമാരംഗത്തെത്തി ഹോളിവുഡിന്റെ ആക്ഷൻ രാജാവായ കഥയാണ് ജാക്കിചാന്റെ സിനിമാജീവിതം. ചൈനീസ് വിപ്ലവകാലത്ത് ഹോങ്കോങ്ങിൽ അഭയംതേടിയ കുടുംബത്തിൽ ചാൾസിന്റെയും ലീ—ലീ ചാനിന്റെയും പുത്രനായി ജനിച്ച (1953 ഏപ്രിൽ 7) ചാൻ കോങ്—സാൻഗിന്റെ ചെല്ലപ്പേര് ‘ചാലോപാലോ (പീരങ്കിയുണ്ട) എന്നായിരുന്നു. ചെറുപ്പം മുതലെ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ചാൻ , അഞ്ചു വയസുതൊട്ട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അങ്ങനെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു വന്ന ചാന് 1976—ൽ ഹോങ്കോങ് നിർമാതാവായ ജോൺ വൂമിന്റെ ‘ഹാൻഡ് ഓഫ് ഡെത്തി‘ൽ പ്രത്യക്ഷപ്പെടാൻ അവസരം ലഭിച്ചു. 1978ൽ ഇറങ്ങിയ സ്നേക്ക് ഇൻ ദ ഈഗ്ല്സ് ഷാഡോയാണ് കരിയറിൽ വഴിത്തിരിവായത്.എന്നാൽ1977—ലെ ‘ഡ്രങ്കൻ മാസ്റ്റർ‘ ആണ്, അപ്പോഴേക്കും പേരുമാറ്റം നടത്തിയിരുന്ന ഈ നടന്, സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. പിന്നീട് ജാക്കി ചാൻ ഹോളിവുഡിനും പ്രിയപ്പെട്ടവനായി. പിന്നെ ഒന്നിനു പിറകെ ഒന്നായി ബോക്സോഫീസിൽ റെക്കോഡിട്ട ചിത്രങ്ങൾ — ‘ഷാങ്ഹായ് നൂൺ‘, ‘റഷ് ഹവർ‘, ‘ദ ടക്സെഡോ‘, ‘ദ മെഡലിയൻ‘, ‘പോലീസ് സ്റ്റോറി‘, ‘റോബ്— ബി—ഹുഡ്‘, ‘ദ ഫോർബിഡൻ കിങ്ഡം‘, ‘കുങ്ഫൂ പാണ്ഡ‘, ‘കരാറ്റെ കിഡ്‘, ‘ആർമർ ഓഫ് ഗോഡ്‘.

ടെലിവിഷനിലും ആനിമേഷൻ ചിത്രരംഗത്തും പ്രവർത്തിക്കുന്ന ജാക്കിചാൻ നിർമാതാവെന്നതിനു പുറമെ സംവിധായകനുമാണ്. 1979—ലെ ‘ഫിയർലെസ് ഹെയ്ന‘യിൽ തുടങ്ങി 2012ലിറങ്ങിയ ചൈനീസ് സോഡിയാക്ക് വരെ‘ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജാക്കിചാൻ ഗായകനെന്ന നിലയ്ക്കും പ്രശസ്തനാണ്.െ 2008—ലെ ബെയ്ജിങ് ഒളിംപിക്സിന്റെ ഔദ്യോഗിക ‘കൗണ്ട് ഡൗൺ‘ ഗാനവും വിടചൊല്ലൽ ഗാനവും ജാക്കിചാന്റെ വകയായിരുന്നു.

ഇതിനിടെ ജാക്കി ചാൻ സിനിമയിൽ നിന്നും വിരമിക്കൊനൊരുങ്ങുന്നുവെന്നും വാർത്തകൾ വന്നിരുന്നു. അതെല്ലാം കാറ്റിൽ പറത്തി കഴിഞ്ഞ വർഷം പൊലീസ് സ്റ്റോറി 2013 എന്ന ചിത്രത്തിലൂടെ ജാക്കി ചാൻ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ജാക്കി ചാനെ കൂടാതെ ഹോളിവുഡ് സൂപ്പർതാരം റസ്സൽ ക്രോ, പ്രശസ്ത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കപ്പോള എന്നിവരുടെയും ജന്മദിനമാണ് ഏപ്രിൽ ഏഴ്.