മകന്റെ തെറ്റിനു മാപ്പിരന്ന് ജാക്കി ചാൻ

ജാക്കി ചാനും ജയ്സി ചാനും

ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മകനെക്കുറിച്ച് ഹോളിവുഡ് സൂപ്പർതാരം ജാക്കി ചാനു ദുഃഖം മാത്രം. മകൻ അറസ്്റ്റിലായ വിവരം ഞെട്ടലോടെയാണു കേട്ടതെന്നും രോഷമുണ്ടായെന്നും അദ്ദേഹം പറയുന്നു. മകൻ ചെയ്ത തെറ്റിന് അച്ഛനെന്ന നിലയിൽ താനും ഉത്തരവാദിയാണെന്നും മാപ്പു ചോദിക്കുന്നുവെന്നുമുള്ള പ്രസ്താവന ചൈനീസ് ദേശീയ റേഡിയോ പുറത്തുവിട്ടു.

ജാക്കി ചാന്റെ മകൻ ജയ്സി ചാൻ, തയ്വാൻ സിനിമാതാരമുൾപ്പെടെയുള്ള സുഹൃത്തുക്കളുമൊത്ത് ബെയ്ജിങ്ങിലെ വീട്ടിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുമ്പോഴാണു പൊലീസ് അറസ്റ്റു ചെയ്തത്. നൂറു ഗ്രാമിലേറെ മരിജുവാനയും ഇവരുടെ കയ്യിൽനിന്നു പിടിച്ചെടുത്തിരുന്നു. സിനിമ, ടെലിവിഷൻ ലോകത്ത് ഫാങ് സുമിങ് എന്ന പേരിലും പ്രശസ്തനാണ് മുപ്പത്തിരണ്ടുകാരനായ ജയ്സി.

ചൈനയിലെ ലഹരി വിരുദ്ധ കമ്മിറ്റിയുടെ ഗുഡ്വിൽ അംബാസഡറായി 2009ൽ ജാക്കി ചാനെ നിയമിച്ചിരുന്നു. സെലിബ്രിറ്റികൾക്കിടയിലെ ലഹരിമരുന്നുവേട്ട ഊർജിതപ്പെടുത്തിയതിന്റെ ഭാഗമായിട്ടായിരുന്നു ജയ്സി ചാന്റെ അറസ്റ്റ്.