32ാം വയസ്സിൽ സംവിധായകനുള്ള ഓസ്കർ; ഡേമിയൻ ഷസെല്‍

1985ൽ ഡേമിയൻ ഷസെൽ ജനിക്കുമ്പോൾ മെൽ ഗിബ്സൻ തന്റെ ചലച്ചിത്രജീവിതം തന്നെ മാറ്റിക്കുറിച്ച ‘മാഡ്മാക്സ്’ ചലച്ചിത്രസീരീസിലെ മൂന്നാം ഭാഗമായ ‘ബിയോണ്ട് തണ്ടർസ്റ്റോമിൽ’ അഭിനയിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. ഹോളിവുഡിന്റെ മനമറിഞ്ഞ നടനും സംവിധായകനുമായ മെൽഗിബ്സൻ തന്റെ ഏറ്റവും പുതിയ ചിത്രം ‘ഹാക്സോ റിജി’ ലൂടെ 2016ലെ മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ നേടി. ഒപ്പം ഒരു ‘കൊച്ചുപയ്യനു’മുണ്ടായിരുന്നു മത്സരിക്കാൻ, ‘ലാ ലാ ലാൻഡ്’ എന്ന തന്റെ മൂന്നാം ചിത്രവുമായി.

മത്സരത്തിനൊടുവിൽ ഹാക്സോ റിജ് ഉൾപ്പെടെയുള്ള ചിത്രങ്ങളെ പിന്നിലാക്കി മുപ്പത്തിരണ്ടുകാരനായ ഷസെൽ മികച്ച സംവിധായകനായി. മെൽഗിബ്സനെക്കാളും വളർന്നു ഷസെൽ എന്നല്ല പറഞ്ഞു വന്നത്, കഴിവും പരിശ്രമവും ഒത്തുചേർന്നപ്പോൾ വിജയതീരത്തേക്കടിച്ചു കയറാൻ സാധിച്ച ഒരു ചെറുപ്പക്കാരന്റെ ആഹ്ലാദത്തെപ്പറ്റി മാത്രമാണ്. ഡോൾബി തിയേറ്ററിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നിന്ന് ചലച്ചിത്രമികവിന്റെ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അത് ഓസ്കർ ചരിത്രത്തിലെ നാഴികക്കല്ല് കൂടിയാവുകയായിരുന്നു– ഓസ്കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന റെക്കോർഡാണ് ഷസെലിന് ‘ലാ ലാ ലാൻഡി’ലൂടെ സ്വന്തമായത്.

അത്ര എളുപ്പമായിരുന്നില്ല യാത്ര

നിരാസങ്ങളുടെയും നിരാശയുടെയും ലോകത്തു നിന്നു പിടിച്ചുകയറിയാണ് ഷസെൽ തന്റെ ‌ചിത്രത്തിൽ പ്രണയത്തിന്റെ പുതുചലച്ചിത്രകാവ്യം തീർത്തത്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമാജീവിതം പരിശോധിച്ചാൽ തന്നെയറിയാം, എത്രമാത്രം സ്വന്തം അനുഭവങ്ങളോടു ചേർന്നു നിൽക്കുന്നതായിരുന്നു ഓരോ ചിത്രങ്ങളെന്നും.

പ്രിൻസ്ടൺ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് സംഗീതജ്‍‍ഞനാകാനായിരുന്നു ഷസെലിന്റെ ലക്ഷ്യം–അങ്ങനെയാണ് ഡ്രംസ് പഠിക്കാനെത്തുന്നത്. പക്ഷേ പഠനം പൂർത്തിയാകുന്ന സമയത്തുതന്നെ വ്യക്തമായി, തനിക്കു പറ്റിയ പണിയല്ല ഇതെന്ന്. അതോടെ സിനിമയിലേക്കു കടന്നു– ഹാവാർഡ് സർവകലാശാലയിലായിരുന്നു പഠനം. 2007ൽ പഠനം പൂർത്തിയാക്കി 2009ൽ ആദ്യ സിനിമയും പുറത്തിറക്കി. കാമുകിയായ ജാസ്മിനും ഷസെലിന്റെ തന്നെ മാതാപിതാക്കളും പ്രൊഡ്യൂസർമാരായ ‘ഗയ് ആൻഡ് മഡെലിൻ ഓൺ എ പാർക് ബഞ്ച്’ ആയിരുന്നു ചിത്രം. സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം ഷസലായിരുന്നു. പരീക്ഷണചിത്രം എന്ന മട്ടിലായിരുന്നു ചെയ്തതെങ്കിലും 2009ലെ ‘വിതരണം ചെയ്യപ്പെടാത്ത’ ഏറ്റവും മികച്ച സിനിമകളിലൊന്നായി പല ചലച്ചിത്രവെബ്സൈറ്റുകളും പത്രങ്ങളും തിരഞ്ഞെടുത്തത് ഷസെലിന്റെ ആദ്യചിത്രത്തെയായിരുന്നു.

പ്രണയമാണാകെ...

സംഗീതജ്ഞനാകാൻ ആഗ്രഹിച്ചുനടക്കുന്ന തികച്ചും കാൽപനികനായ ചെറുപ്പക്കാരനും അവന്റെ ഒട്ടും ‘റൊമാന്റിക്’ അല്ലാത്ത, ഒരു ജോലി തേടി നടക്കുന്ന കാമുകിയുമാണ് ചിത്രത്തിലെ നായകനും നായികയും. ആ ചെറുപ്പക്കാരന്‍ യഥാർഥത്തിൽ ഷസെലായിരുന്നു, കാമുകി ഹാർവാർഡിൽ തന്നെ ഒപ്പമുണ്ടായിരുന്ന ജാസ്മിനും. 2010ൽ ഇരുവരും വിവാഹിതരായി, വൈകാതെ പിരിഞ്ഞു. പുതിയ കാമുകിയെപ്പറ്റിയുള്ള നാടകീയ പ്രഖ്യാപനവും ഓസ്കർ വേദിയിൽ ഷസെൽ നടത്തിയിരുന്നു– ‘പ്രണയത്തെപ്പറ്റിയാണ് ലാ ലാ ലാൻഡ്. അതിന്റെ ചിത്രീകരണത്തിനിടെത്തന്നെ എന്റെ പ്രണയത്തെയും കണ്ടെത്താനായതിലാണ് എന്റെ സന്തോഷം’ എന്നായിരുന്നു അത്. നടി ഒലിവിയ ഹാമിൽട്ടണായിരുന്നു ആ പ്രണയത്തിലെ നായിക.

‘വിപ്‌ലാഷി’ൽ വിട്ടുപോയത് ‘ലാ ലാ ലാൻഡി’ൽ കൈപ്പിടിയിൽ

‘വിപ്‌ലാഷ്’ എന്ന രണ്ടാം ചിത്രത്തിന്റെ സ്ക്രിപ്റ്റുമായി ഏറെ അലഞ്ഞിരുന്നു ഷസെൽ. ഒടുവിൽ 2012ലെ ഏറ്റവും മികച്ച ‘പരിഗണിക്കപ്പെടാതെ പോയ തിരക്കഥ’കളിലൊന്നായി അതിനെ ‘ദ് ബ്ലാക് ലിസ്റ്റ്’ തിരഞ്ഞെടുക്കുകയും ചെയ്തു.( സ്റ്റുഡിയോ/ പ്രൊഡക്‌ഷൻ കമ്പനി പ്രതിനിധികളുടെ സർവേയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ‘പരിഗണിക്കാത്ത’ തിരക്കഥകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ് ദ് ബ്ലാക് ലിസ്റ്റ്) എന്തായാലും ഒടുവിൽ ‘വിപ്‌ലാഷി’ന്റെ ഒരു ഹ്രസ്വചിത്ര രൂപം തയാറാക്കിയത് ഷസെലിനു ഗുണമായി. ചിത്രം നിർമിക്കാൻ ആളെത്തി. ചിത്രത്തിലെ ദേഷ്യക്കാരനായ സംഗീത അധ്യാപകനെ അവതരിപ്പിച്ച ജെ.കെ.സിമൺസ് 2014ലെ മികച്ച സഹനടനുള്ള ഓസ്കർ നേടിയെടുത്തു. ഒപ്പം മികച്ച എഡിറ്റിങ്, സൗണ്ട് മിക്സിങ് പുരസ്കാരങ്ങളും. മികച്ച ചിത്രത്തിനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്കർ നോമിനേഷനും വിപ്‌ലാഷിനുണ്ടായിരുന്നു.

ഡ്രംസ് പഠനത്തിനിടെ താൻ നേരിട്ട അനുഭവങ്ങളായിരുന്നു വിപ്‌ലാഷിനും അടിസ്ഥാനമായതെന്നു പറഞ്ഞിട്ടുണ്ട് ഷസെൽ. അവിടെയും സിനിമ സംവിധായകന്റെ ജീവിതത്തോടു ചേർന്നു നിന്നു. അന്ന് കൈവിട്ടുപോയ മികവിന്റെ പുരസ്കാരമാണ് ഇത്തവണ ലാ ലാ ലാൻഡിനെയും ഷസെലിനെയും തേടിയെത്തിയത്. മികച്ച സംവിധായകനു മാത്രമല്ല മികച്ച നടിക്കും ഛായാഗ്രഹണത്തിനും ഒറിജിനൽ മ്യൂസിക് സ്കോറിനും പ്രൊഡക്‌ഷൻ ഡിസൈനിനും ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ലാ ലാ ലാൻഡിനാണ്. മ്യൂസിക് ചെയ്തതാകട്ടെ ഹാവാർഡിൽ ഷസെലിന്റെ ഹോസ്റ്റൽ റൂംമേറ്റായിരുന്ന ജസ്റ്റിൻ ഹർവിറ്റ്സും.

പാട്ടുംപാടിയായിരുന്നില്ല ആ യാത്ര!

മികവിന്റെ ഓസ്കറുകൾ ഏറെ നേടിയ വിപ്‌ലാഷിന്റെ സംവിധായകനായിട്ടും തന്റെ മൂന്നാം ചിത്രത്തിലേക്കുള്ള യാത്രയും കഠിനമായിരുന്നു ഷസെലിന്. പല പ്രൊഡക്‌ഷൻ കമ്പനികളും തഴഞ്ഞതിനൊടുവിലാണ് ലയൺസ്ഗേറ്റ് നിർമാണത്തിനായി മുന്നോട്ടു വരുന്നത്. ഒരിക്കൽ കൈവിട്ടുപോയ സംഗീത ലോകം തന്റെ പ്രിയപ്പെട്ട മാധ്യമത്തിലൂടെ അഭ്രപാളിയിലെത്തിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം. ഗോൾഡൻ ഗ്ലോബിലും ബാഫ്തയിലും ഓസ്കര്‍ നിശയിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ലാ ലാ ലാൻഡ് ആ സ്വപ്നത്തെ സഫലീകരിച്ചു കൊടുക്കുകയും ചെയ്തു. അതോടൊപ്പമാണ് ഓസ്കറിലെ അപൂർവ ബഹുമതിയും.

1931ൽ ‘സ്കിപ്പി’ എന്ന ചിത്രത്തിന് 32 വർഷവും 260 ദിവസവും പ്രായമായിരിക്കെ പുരസ്കാരം നേടിയ നോർമൻ ടോറിഗിനെയാണ് ഷസെൽ കടത്തി വെട്ടിയത്. 32 വർഷവും 38 ദിവസവുമാണ് ഷസെലിന്റെ പ്രായം–ജനിച്ചത് 1985 ജനുവരി 19ന്. ഓർസൺ വെൽസ്(26–ാം വയസ്സിൽ), ജോർജ് ലൂക്കാസ്(29), സ്റ്റീഫൻ സ്പീൽബെർഗ്(31) ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷനുകൾ നേരത്തേ ലഭിച്ചിരുന്നെങ്കിലും അത് പുരസ്കാരമായി മാറിയിരുന്നില്ല. അതിനിടയിലും സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യക്തി എന്ന ചെറുവിമർശനം ഷസെലിനു നേരെ നിലവിലുണ്ട്. അതിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വരവ്.

ചന്ദ്രനിലെത്തിയ ആദ്യമനുഷ്യൻ നീൽ ആംസ്ട്രോങ്ങിന്റെ ജീവിതം പറയുന്ന ‘ദ് ഫസ്റ്റ് മാൻ’ ആണ് അടുത്ത ചിത്രം. ‘സ്പോട്‌ലൈറ്റി’നു തിരക്കഥയൊരുക്കിയ ജോഷ് സിങ്ങറാണ് തിരക്കഥ. ചലച്ചിത്രലോകത്ത് പുതിയ ആകാശങ്ങൾ വെട്ടിപ്പിടിക്കാനൊരുങ്ങുകയാണ് ഷസെല്‍, കാത്തിരിക്കാം അദ്ദേഹമൊരുക്കുന്നു പുതിയ ആകാശക്കാഴ്ചകൾക്ക്...