ഇനി ഞാൻ വിശ്രമിക്കട്ടെ

മോർഗൻ ഫ്രീമാൻ

അരനൂറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽനിന്നു വിഖ്യാതനടൻമോർഗൻ ഫ്രീമാൻ വിരമിക്കുന്നു. എഴുപത്തിയാറു വയസ്സായി. ഇനി മിസിസിപ്പിയിലെ വിശാലകൃഷിയിടത്തിൽ വിശ്രമജീവിതം നയിക്കണം. ഏതാനും വർഷം മുൻപു കാറപകടത്തിൽ കൈയ്ക്കു ഗുരുതര പരുക്കേറ്റതിനെത്തുടർന്നു വിട്ടുമാറാത്ത വേദനയിലാണു ജീവിതം. അതും സഹിച്ച് ഇനി സെറ്റുകളിൽ എത്താൻ വയ്യ.

നടൻ, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോർഗൻ ഫ്രീമാന് ഒന്നിലധികം തവണ ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. 2005ൽ മില്യൻ ഡോളർ ബേബി‘യിലൂടെ മികച്ച സഹനടനുള്ള ഓസ്കർ ലഭിച്ചു. ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പ്രശസ്ത ചിത്രങ്ങൾ: അൺഫൊർഗിവൺ, റോബിൻഹുഡ്: പ്രിൻസ് ഓഫ് തീവ്സ്, ഡീപ് ഇംപാക്ട്, ദ് സം ഓഫ് ഓൾ ഫിയേഴ്സ്, ബ്രൂസ് ഓൾമൈറ്റി, എലോങ് കെയിം എ സ്പൈഡർ, ഡാർക്ക് നൈറ്റ് പരമ്പര, മാർച്ച് ഓഫ് പെൻഗ്വിൻസ്.

സ്കൂൾ നാടകങ്ങളിൽ മുഖ്യവേഷം അഭിനയിച്ച് ഒൻപതാം വയസ്സിൽ അഭിനയം തുടങ്ങിയ മോർഗൻ ഫ്രീമാൻ ബിരുദപഠനത്തിനുശേഷം നാടകപഠനത്തിനു ലഭിച്ച സ്കോളർഷിപ് സ്വീകരിക്കാതെ യുഎസ് എയർഫോഴ്സിൽ ചേർന്നു. എയർമാൻ ഫസ്റ്റ് ക്ലാസ് പദവി വരെയെത്തി. നാലുവർഷത്തെ സൈനികജീവിതത്തിനുശേഷം അറുപതുകളുടെ തുടക്കത്തിൽ ലൊസാഞ്ചൽസിലെത്തിയ ഫ്രീമാൻ കുറേക്കാലം ഒരു ഓപ്പറ മ്യൂസിക്കൽ തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു. അറുപതുകളുടെ ഒടുവിൽ ബ്രോഡ്വേ നാടകങ്ങളിൽ സജീവമായി.

എൺപതുകളിലാണു ഹോളിവുഡിൽ സഹനട വേഷങ്ങളിൽ സജീവമായത്. ശ്രദ്ധേയനായതോടെ മുഖ്യവേഷങ്ങളും ലഭിച്ചുതുടങ്ങി. 1994ൽ ഇറങ്ങിയ ഷോഷാൻക് റിഡംപ്ഷനി‘ലെ റെഡ് എന്ന തടവുകാരന്റെ വേഷമാണ് ഇതിലാദ്യത്തേത്. ബ്രൂസ് ഓൾമൈറ്റി‘യിലും ഇവാൻ ഓൾമൈറ്റി‘യിലും ദൈവത്തിന്റെ വേഷത്തിലാണു ഫ്രീമാൻ പ്രത്യക്ഷപ്പെട്ടത്. ബാറ്റ്മാൻ പരമ്പരയിലെ മൂന്നു പടങ്ങളിലും ശ്രദ്ധേയ കഥാപാത്രമായിരുന്നു.

നെൽസൻ മണ്ടേലയുടെ ജീവിതം ആധാരമാക്കി സ്വന്തമായി പടമെടുക്കാൻ ഫ്രീമാൻ പദ്ധതിയിട്ടിരുന്നു. മണ്ടേലയുടെ ആത്മകഥ ലോങ് വാക്ക് ടു ഫ്രീഡം‘ തിരക്കഥയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. തുടർന്നാണു ക്ലിന്റ് ഇൗസ്റ്റ്വുഡ്‘ സംവിധാനം ചെയ്ത ഇൻവിക്ടസ്‘ എന്ന ചിത്രത്തിൽ മണ്ടേലയായി വേഷമിട്ടത്. അറുപതാം വയസ്സിൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ഫ്രീമാനു സ്വന്തമായി മൂന്നു വിമാനങ്ങളുണ്ട്.

2008 ൽ ആണ് കാറപകടത്തിൽ ഗുരുതര പരുക്കേറ്റത്. ഡോൾഫിൻ ടെയിൽ‘ (2001) എന്ന പടത്തിന്റെ രണ്ടാം ഭാഗമായ ഡോൾഫിൻ 2‘ ആണ് മോർഗൻ ഫ്രീമാന്റെ ഇൗ വർഷം ഇനി ഇറങ്ങാനുള്ള പടം. സെപ്റ്റംബറിലാണു റിലീസ്.