പോള്‍, നിന്നെ ഞങ്ങള്‍ മറന്നിട്ടില്ല

ഒരു നാള്‍ വേഗത എന്നെ കൊലപ്പെടുത്തിയാല്‍ നിങ്ങള്‍ കരയരുത് കാരണം ഞാന്‍ അപ്പോള്‍ ചിരിക്കുകയായിരിക്കും. വാക്കറിന്റേതാണോയെന്ന് ഉറപ്പില്ലെങ്കിലും ഇൌ വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ അടുപ്പമുണ്ട്. പക്ഷെ ആ നീലക്കണ്ണുള്ള വേഗതയുടെ രാജകുമാരന്റെ മരണം ആരാധകരെ കണ്ണീരിലാഴ്ത്തുക തന്നെ ചെയ്തു. പോള്‍ വാക്കറിന്റെ 42 ാം ജന്മദിനമാണിന്ന്.

പോള്‍ വാക്കര്‍ എന്ന നടന്റെ ജീവിതം തന്നെ ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചെയ്സ് ആയിരുന്നു. നടനെന്നതിലുപരി ഒരു സാധാരണ മനുഷ്യന്‍. പെരുപ്പിച്ച് നടക്കുന്ന മസ്സിലുകളില്ല. വിവാദങ്ങളോട് കൂട്ടുകൂടാറില്ല. അധികം സംസാരിക്കില്ല. ചില സമയത്ത് ഗൌരവം. എന്നാല്‍ മിക്കപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്ത് കാണും. വലിയ വലിയ മോഹങ്ങളില്ല. അഭിനയിച്ചു കിട്ടുന്ന തുക ധൂര്‍ത്തടിക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി ചിലവഴിക്കും. സെലിബ്രിറ്റികള്‍ക്കിടയിലെ അസാധാരണ വ്യക്തിത്വം.

മരണത്തിനു തൊട്ടുമുന്‍പ് പങ്കെടുത്ത ചടങ്ങിന്റെയും ലക്ഷ്യം ഇതുതന്നെയായിരുന്നു. ഫിലിപ്പൈന്‍സ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പോള്‍ കാറപകടത്തില്‍ പെട്ട് മരിക്കുന്നത്. തന്നെ സ്നേഹിക്കുന്ന ഒരുപാട് പാവങ്ങളെയും സിനിമാപ്രേമികളെയും കണ്ണീരിലാഴ്ത്തി വിടവാങ്ങുമ്പോഴും അദ്ദേഹം ചിരിക്കുക തന്നെ ആയിരിക്കും.

പിച്ചവെച്ച് നടക്കുന്ന പ്രായത്ത് അഭിനയം തുടങ്ങിയ ആളാണ് പോള്‍ വാക്കര്‍. പാംപേഴ്സിന്റെ പരസ്യത്തില്‍ അഭിനയിച്ചാണ് തുടക്കം. അഭിനയരംഗത്ത് പോളിന് ആദ്യം കിട്ടിയതൊക്കെ കോമഡി റോളുകാണ്.ആദ്യമൊക്കെ ടെലിവിഷന്‍ ഷോയിലൂടെ തിളങ്ങിയ പോള്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ മോണ്‍സ്റ്റര്‍ ഇന്‍ ദ ക്ളോസറ്റ് (1986)എന്ന ഒരു ഹൊറര്‍ കോമഡി ചിത്രമാണ്. 1998 ല്‍ പുറത്തിറങ്ങിയ മീറ്റ് ദ ഡീഡില്‍സ് എന്ന കോമഡി പടത്തിലൂടെ പോള്‍ വാക്കര്‍ എന്ന നടന്‍ ശ്രദ്ധനേടാന്‍ തുടങ്ങി.

കൌമാരത്തില്‍ തന്നെ സിനിമാ ലോകവുമായി ഇഴുകിച്ചേര്‍ന്ന വാക്കര്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. വിന്‍ ഡീസലിനൊപ്പം 2001ല്‍ പുറത്തിറങ്ങിയ ആദ്യ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തില്‍ അഭിനയിച്ച പോളിന്റെ തകര്‍പ്പന്‍ പ്രകടനം അടുത്ത സീരീസിലെ പ്രധാനതാരമാക്കി മാറ്റി.

ഡൊമിനിക് ടൊറെറ്റോ ക്ഷുഭിത യൌവനമായിരുന്നെങ്കില്‍ യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു ബ്രയാന്‍ ഒ കോണര്‍ എന്ന കഥാപാത്രം. നിയമവിരുദ്ധ കാറോട്ടങ്ങളുടെ കഥ പറയുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ നിയമപാലകനായിരുന്നു കോണര്‍.

വാക്കറിന്റെ ചിത്രങ്ങളെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ ഈ ചിത്രങ്ങളിലൂടെയെല്ലാം തന്നെ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും പണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ച് അതിലൂടെ തന്നെ മരണം കവര്‍ന്നെടുത്ത അപൂര്‍വ്വ വ്യക്തിത്വം.

റീച്ച് ഔട്ട് വേള്‍ഡ് വൈഡ് എന്ന ജീവകാരുണ്യ സംഘടനയുണ്ടാക്കാന്‍ വാക്കറെ സഹായിച്ച റോജര്‍ റോഡാസ് എന്ന സാമ്പത്തികോപദേഷ്ടാവായിരുന്നു മരണത്തില്‍ വാക്കര്‍ക്ക് ഒപ്പമുണ്ടായിരുന്നത്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളായി. മുന്തിയ കാറുകള്‍ക്കായി വാക്കര്‍ തുടങ്ങിയ ഷോറൂമിന്റെ സിഇഒ ആയിരുന്നു റോഡാസ്. അവസാനം മരണത്തിലേക്കുള്ള പോര്‍ഷെ കാറോടിച്ചതും റോഡാസ് തന്നെയായിരുന്നു.

വെള്ളിത്തിരയില്‍ വേഗപാലകനായി വേഷമിട്ട വാക്കറിന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ വിരോധാഭാസം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഏഴാം ഭാഗം അഭിനയിച്ചു പൂര്‍ത്തിയാക്കാതെ വാക്കര്‍ മടങ്ങുമ്പോള്‍ ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ നമുക്ക് പറയാം. വീ മിസ് യൂ വാക്കര്‍.