പോൾ, ഇത് നിനക്കുള്ള ചിത്രമാണ്

പോൾ വാക്കർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. പരമ്പരയിലെ നായകൻ പോൾ വാക്കർ കാറപകടത്തിൽ മരിച്ചതോടെ ചിത്രീകരണം നിലച്ചുപോയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7 പിന്നീടു പുനരാരംഭിക്കുകയായിരുന്നു. ചിത്രം പൂർത്തിയാക്കാൻ സാധിച്ചതിൽ ആരാധകരോട് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നുവെന്ന് അണിയറപ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

പോൾ വാക്കറിന്റെ നഷ്ടത്തിലുണ്ടായ മനോധൈര്യം വീണ്ടെടുക്കാൻ സഹായിച്ചത് ആരാധകരുടെ പിന്തുണകൊണ്ട് മാത്രമാണെന്നും ഒരുഘട്ടത്തിൽ ഇതെങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് പോലെ പകച്ചുനിന്ന നിമിഷങ്ങളുണ്ടായിരുന്നെന്നും ഇവർ പറയുന്നു. അപ്പോഴൊക്കെ ഞങ്ങൾ നിങ്ങളെ ഓർത്തു, നിങ്ങളായിരുന്നു പ്രചോദനം. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പൂർത്തിയാക്കിയത് നിങ്ങൾ ഒപ്പമുണ്ടായതുകൊണ്ട് മാത്രമാണ്. സോഷ്യൽമീഡിയയിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ പതിനഞ്ച് വർഷമായി ഞങ്ങൾ ഒരു കുടുംബം പോലെയാണ് കഴിയുന്നത്. തുടക്കം മുതലേ വിൻ ഡീസലായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്. പോളിന്റെ നഷ്ടത്തിൽ ഈ സിനിമ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ അദ്ദേഹമാണ് ഞങ്ങളെ ഒരുമിച്ച് ചേർത്ത് ഇത് പൂർത്തിയാക്കാൻ സഹായിച്ചത്. പോളിന്റെ സ്വപ്നമാണ് ഈ ചിത്രമെന്നും അവന് വേണ്ടി ഇത് പൂർത്തിയാക്കണമെന്നും വിൻ പറയുമായിരുന്നു.

വിൻ, മിഷെല്ലേ, ജോർദാൻ നിർമാതാവ് നീൽ ഇവരെല്ലാം ആദ്യംമുതൽക്കെ ഒരുമിച്ചായിരുന്നു. പിന്നീട് വന്ന ഡ്വെയ്ൻ, ടൈറസ്, ലുഡ, ലുകാസ്, തിരക്കഥാകൃത്ത് ക്രിസ്, പുതിയ ഭാഗത്തിലെ താരങ്ങളായ ജേസൺ സ്റ്റതാൻ, കർട്ട് റസൽ, നതാലീ സംവിധായകൻ ജയിംസ് , പോളിന്റെ സഹോദരങ്ങളായ കലേബ്, കോഡി ഇവരെല്ലാവരും പോളിന് വേണ്ടി ഒത്തുചേർന്നു. ഞങ്ങളുടെ കുടുംബം വലുതാണ് അത്രയേറെ ശക്തിയേറിയതും. അതൊരിക്കലും പിരിയില്ല.

ഇത് പോളിന് വേണ്ടിയുള്ള സ്പെഷൽ ചിത്രമാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7 ന് വേണ്ടി ഈ പരമ്പരയിലെ മുഴുവൻ ആളുകളും ഒത്തുചേർന്നിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ പ്രധാനഭാഗം നിങ്ങൾ ആരാധകരാണ്. നിങ്ങൾക്കും പോളിനും വേണ്ടിയാണ് ഈ ചിത്രം. അടുത്ത വർഷം ഏപ്രിൽ 2ന് ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചാണ് വികാരനിർഭരമായ ഈ കുറിപ്പ് അവസാനിക്കുന്നത്.