പോൾ വാക്കറുടെ മകൾക്ക് ഒരു കോടി നഷ്ടപരിഹാരം

‘ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ്’ താരം പോൾ വാക്കർ (40) കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മകൾ മെഡോയ്ക്ക് ഒരു കോടി ഡോളർ (ഏകദേശം 65 കോടി രൂപ) നഷ്ടപരിഹാരം. കാർ ഓടിച്ചിരുന്ന റോജർ റൊഡാസിന്റെ സ്വത്തിൽ നിന്നുള്ള വിഹിതമായാണ് ഈ തുക ലഭിക്കുക. റൊഡാസും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

മെഡോയ്ക്കു ലഭിച്ച നഷ്ടപരിഹാരം വൻ തുകയാണെങ്കിലും പോൾ വാക്കർ ജീവിച്ചിരുന്നെങ്കിൽ നേടുമായിരുന്ന തുകയുമായി തട്ടിച്ചുനോക്കിയാൽ നിസാരമാണ്. വാക്കർ സഞ്ചരിച്ചിരുന്ന പോർഷെ കാറിന്റെ തകരാർ ചോദ്യം ചെയ്തു റോജറുടെ ഭാര്യ നൽകിയ കേസ് കോടതി തള്ളിയിരുന്നു. താൻ നൽകിയ കേസ് തുടരുമെന്നു മെഡോ പ്രഖ്യാപിച്ചുകഴിഞ്ഞു.

നിയമവിരുദ്ധ കാറോട്ടമൽസരങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുന്ന ‘ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ്’ ആക്‌ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പോൾ വാക്കർ അപകടത്തെത്തുടർന്നു തീപിടിച്ച കാറിനുള്ളിൽ ഡ്രൈവറോടൊപ്പം വെന്തുമരിക്കുകയായിരുന്നു. റോഡരികിലെ വിളക്കുകാലിൽ ഇടിച്ച കാർ കത്തിയമർന്നു.