കാൻസറിനെയും ജയിച്ച ചിരിമരുന്ന്

റോബിൻ വില്യംസ്

കാൻസർ മാറ്റാൻ ചിരിക്കു കഴിയുമെന്നു റോബിൻ വില്യംസിനെ കാണുന്നതു വരെ ഡേവിഡ് ബുസ്റ്റ് വിശ്വസിച്ചില്ല. 2001ൽ യുഎസിലെ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ഡേവിഡിനെ ഞെട്ടിച്ച് ഫലം വന്നു — അപൂർവമായ കാൻസറാണു പിടികൂടിയിരിക്കുന്നത്. ഫലപ്രദമായ ചികിൽസ കണ്ടെത്തിയിട്ടില്ലെന്ന് യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോലും രേഖപ്പെടുത്തിയ ഹെപാറ്റോ സ്പ്ലീനിക് ടി—സെൽലിം ഫോമ.

രോഗവുമായി മല്ലിടുന്നതിനിടെ ഒരു ചടങ്ങിൽ ഡേവിഡ്, റോബിൻ വില്യംസിനെ കണ്ടു. ഓട്ടോഗ്രാഫ് ചോദിച്ച് അടുത്തു ചെന്നു. കുശലം പറഞ്ഞപ്പോൾ ഡേവിഡിന്റെ രോഗവിവരമറിഞ്ഞ റോബിൻ ഓട്ടോഗ്രാഫ് കൊടുക്കുന്നതിനുമപ്പുറം ഡേവിഡിനെ സഹായിച്ചു. ഡേവിഡിനെ മിക്കപ്പോഴുംറോബിൻ ഫോണിൽ വിളിച്ചു. കാൻസർ ചികിൽസാകേന്ദ്രത്തിൽ ഡേവിഡിനെ പ്രവേശിപ്പിച്ചപ്പോൾ അവിടെ പലവട്ടം സന്ദർശിച്ചു. തമാശപറഞ്ഞ് ചിരിച്ചും കളിച്ചും സമയം ചെലവിടുകയാണ് റോബിൻ ചെയ്തത്. അദ്ഭുതം സംഭവിച്ചു— ഡേവിഡ് കാൻസറിൽനിന്നു പയ്യെപ്പയ്യെ മോചിതനായി. ഇപ്പോൾ വിവാഹിതനും പിതാവുമാണ് ഡേവിഡ്. ചിരിയുടെ മദർ തെരേസയാണ് റോബിനെന്ന് ഡേവിഡിന്റെ കുടുംബം പറയുന്നു.

1998ൽ പുറത്തുവന്ന ‘പാച്ച് ആഡംസ് എന്ന ചിത്രത്തിൽ തമാശകൊണ്ട് രോഗികളുടെ രോഗം മാറ്റുന്ന മെഡിക്കൽ വിദ്യാർഥിയെ അവതരിപ്പിച്ച റോബിൻവില്യംസ് യഥാർഥ ജീവിതത്തിലും തന്റെ ചിരി ചികിൽസ പകർത്തുകയായിരുന്നു. അസുഖം ബാധിച്ച തന്റെ മകൾ ജസിക്കയെ റോബിൻ വില്യംസ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെന്നു ജസിക്കയുടെ പിതാവ് മാർക്ക്കോൾ സ്മരിക്കുന്നു. പതിമൂന്നുകാരിയായ ജസിക്ക ‘മിസിസ് ഡൗട്ട്ഫയർ എന്ന ചിത്രം കണ്ടാണ് റോബിന്റെ ആരാധികയായത്.

ജസിക്കയുടെ അഭ്യർഥനയെ തുടർന്ന് കാണാനെത്തിയ റോബിൻചിരിചികിൽസയിലൂടെ അവളെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചു. തലച്ചോറിൽ ട്യൂമറായിരുന്നു ജസിക്കയ്ക്ക്. സ്വകാര്യ വിമാനം ചാർട്ടർ ചെയ്താണ് റോബിൻ അവളെ കാണാൻ നോർത്ത് കാരലീനയിലെ ഗ്രീൻസ്ബറോയിലേക്കു വന്നത്. ഒരു ദിവസം മുഴുവൻറോബിൻ ജസിക്കയോടൊപ്പമിരുന്നു. പക്ഷേ രണ്ടാഴ്ച കഴിഞ്ഞ് ജസിക്ക മരിച്ചു. മൂക്കാണ് റോബിൻ വില്യംസിനെ ഇത്ര പ്രശസ്തനാക്കിയതെന്ന് തമാശയായി പറയുന്നവരുണ്ട്. കാരണം അൽപസ്വൽപം മിമിക്രി കാട്ടി മൂക്കിലൂടെ ശബ്ദം വരുത്തി സംസാരിച്ചാണ് ‘മോർക്ക് ആൻഡ് മിൻഡി എന്ന ടിവി പരമ്പരയിലൂടെ അദ്ദേഹം പ്രശസ്തനായത്.

ചെറിയ കുട്ടിയായിരുന്നപ്പോൾഅമ്മൂമ്മയെ അനുകരിച്ചാണ്മിമിക്രിയിൽ തുടക്കമിട്ടത്. പലരെയും ചിരിയിലൂടെ ചികിൽസിച്ച റോബിന് സ്വന്തം ജീവിതത്തിൽ ആ ചികിൽസ നടപ്പാക്കാനായില്ല. റോബിനെ ചികിൽസിക്കാൻ മാത്രം കഴിവുള്ള ചിരിഡോക്ടർമാർ ഇല്ലായിരുന്നു എന്നു വേണം കരുതാൻ.