സ്പീൽബെർഗും ടോം ഹാങ്ക്സും വീണ്ടും

സ്പീൽബെർഗും ടോം ഹാങ്ക്സും

സൊമാലിയൻ കൊള്ളക്കാർതട്ടിയെടുത്ത അമേരിക്കൻ കപ്പലിലെ ക്യാപ്റ്റൻ ഫിലിപ്സിന്റെ വേഷത്തിലാണു കഴിഞ്ഞവർഷം വിഖ്യാത നടൻ ടോം ഹാങ്ക്സ് വെള്ളിത്തിര കീഴടക്കിയത്. വലിയ പ്രശംസ ലഭിച്ചിട്ടും ഓസ്കർ നാമനിർദേശം വന്നപ്പോൾ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു.

അതൊക്കെ കഴിഞ്ഞകാര്യം. സ്റ്റീവൻ സ്പീൽബെർഗുമായി ചേർന്നു പുതിയ സിനിമയുടെ ആലോചനയിലാണു ടോം ഇപ്പോൾ. ശീതയുദ്ധകാലത്തെ ചാരക്കഥയാണു പ്രമേയം. ജയിംസ് ഡോണോവൻ എന്ന അറ്റോർണിയാണു കഥാനായകൻ. പദ്ധതി യാഥാർഥ്യമായാൽ, ടോം ഹാങ്ക്സും സ്പീൽബെർഗും ഒരുമിക്കുന്ന നാലാമത്തെ പടമായിരിക്കും ഇത്.

ശീതയുദ്ധകാലത്ത്, 1960ൽ ആകാശപരിധി ലംഘിച്ചതിനെത്തുടർന്നു സോവിയറ്റ് യൂണിയൻവെടിവച്ചിട്ട അമേരിക്കൻ ചാരവിമാനത്തിലെ പൈലറ്റ് ഗാരി പവേഴ്സിനെ അവർ തടവിലാക്കി. അമേരിക്കൻ രഹസ്യ ഏജന്റ് കൂടിയായപവേഴ്സിനെ മോചിപ്പിക്കാനുള്ള ഒത്തുതീർപ്പു ചർച്ചയ്ക്കു മുന്നിട്ടിറങ്ങിയതു ജയിംസ് ഡോണോവനായിരുന്നു.

സേവിങ് പ്രൈവറ്റ് റ്യാൻ (1998), ക്യാച്ച് മി ഇഫ് യൂ ക്യാൻ (2002), ദ് ടെർമിനൽ (2004) എന്നീ സ്പീൽബെർഗ് സിനിമകളിലാണ് ടോം ഹാങ്ക്സ് ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്.എക്സ്ട്രീംലി ലൗഡ് ആൻഡ് ഇൻക്രെഡിബ്ലി ക്ലോസ്‘ ആണു ഹാങ്ക്സ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. 2005ൽ ഇറങ്ങിയ ജോനാഥൻ സഫ്രാൻ ഫോയറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.

കഴിഞ്ഞവർഷം ഇറങ്ങിയ ക്യാപ്റ്റർ ഫിലിപ്സിന് ആധാരമായത് യഥാർഥ സംഭവകഥയാണ്. ക്യാപ്റ്റർ ഫിലിപ്സ്അനുഭവകഥ എ ക്യാപ്റ്റൻസ് ഡ്യൂട്ടി‘ എന്ന പേരിൽ 2009ൽ പുസ്തകമാക്കിയിരുന്നു. നടുക്കടലിൽ കൊള്ളക്കാരുടെ കൈകളിൽ അകപ്പെട്ടപ്പോൾ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ ക്യാപ്റ്റൻ കൊള്ളക്കാർക്കു സ്വയം കീഴടങ്ങുകയായിരുന്നു.ഇൗ സംഭവം അമേരിക്കൻ സമൂഹത്തെ പിടിച്ചുലയ്ക്കുകയും ഫിലിപ്സിനെ ജീവനോടെ തിരിച്ചുകൊണ്ടുവരാൻ പ്രസിഡന്റ് ബറാക് ഒബാമ ഇടപെടുകയും ചെയ്തു.

പ്രശസ്തമായ ഡാവിഞ്ചി കോഡ്‘ പരമ്പരയിൽ ഹാങ്ക്സായിരുന്നു നായകൻ. യുഎസിൽ മാത്രം 100 ദശലക്ഷം ഡോളറിലേറെകലക്ഷൻ നേടിയ ഏഴു സൂപ്പർ ഹിറ്റുകളിൽ തുടർച്ചയായി നായകനായതിനു ഗിന്നസ് ബുക്കിൽ ഇടം നേടിയ നടൻ. സ്പീൽബെർഗ് സംവിധാനം ചെയ്ത സേവിങ് പ്രൈവറ്റ് റ്യാൻ‘ നേടിയത് 216.5 ദശലക്ഷം ഡോളർ. 2002ൽ ക്യാച്ച് മീ ഇഫ് യു ക്യാൻ‘ 164.6 ദശലക്ഷം ഡോളർ നേടി.

തുടർച്ചയായി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സ്പെൻസർ ട്രേസി, ഡസ്റ്റിൻ ഹോഫ്മാൻ, മർലൻ ബ്രാൻഡോ എന്നിവർക്കൊപ്പം സ്ഥാനമുള്ള താരമാണു ഹാങ്ക്സ്. 54 വയസ്സ് പിന്നിട്ട ടോം ഹാങ്ക്സ് 14 സിനിമകളിൽ നായകനായി. രണ്ടുവട്ടം ഓസ്കർ നേടി. സമീപകാലത്തായി അധികം സിനിമകളിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രശസ്തിക്കു കുറവില്ല.ഇടക്കാലത്തു സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡു‘ കാര്യമായ നേട്ടമുണ്ടാക്കിയില്ല. ആ സിനിമയിൽ അദ്ദേഹത്തിനു സഹനടന്റെ വേഷമായിരുന്നു.