ഇതാ ‘മറഡോണ’യുടെ നായിക

പറന്നു പോയൊരു സ്വപ്നം തിരികെ വന്നു കൈപിടിച്ചു കൊണ്ടു പോയ കഥയാണു ശരണ്യയ്ക്കു പറയാനുള്ളത്. പുതിയ സിനിമ ‘മറഡോണ’യുടെ പോസ്റ്ററുകൾ കാണുമ്പോൾ ഒരിക്കൽ ആശിച്ചു വേണ്ടെന്നുവച്ചതു ഒടുവിൽ യാഥാർഥ്യമായി മുന്നിൽവന്നു നിൽക്കുന്നതിന്റെ ആഹ്ലാദത്തിലാണു ശരണ്യ. ‘മറഡോണ’യിൽ ടൊവിനോയുടെ നായികയായാണു ശരണ്യയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലെ ലാൻഡിങ്ങിനെക്കുറിച്ചു നായിക സംസാരിക്കുന്നു. 

ആദ്യം കൂൾ,  പിന്നെ ടഫ് 

സിനിമയിലേക്കുള്ള വിളി എത്തുമ്പോൾ സിജിഎച്ച് എർത്തിന്റെ കൊച്ചി ഓഫിസിൽ സെയിൽസ് ടീമിലെ പതിവു ജോലിത്തിരക്കിലായിരുന്നു ശരണ്യ. കുസാറ്റിൽ എംബിഎയ്ക്ക് ഒപ്പം പഠിച്ച മഹേഷാണ് ആഷിഖ് അബുവിന്റെയും ദിലീഷ് പോത്തന്റെയും ഒപ്പം പ്രവർത്തിച്ച വിഷ്ണു നാരായണന്റെ ആദ്യ സിനിമയിലേക്ക് ഓഡിഷൻ നടക്കുന്ന വിവരം പറഞ്ഞത്. ഇടപ്പള്ളിയിൽ ഓഡിഷനു ചെന്നു. 

സംവിധായകൻ പറഞ്ഞതു ചെയ്തു തിരിച്ചു പോയി. ഒരാഴ്ച കഴിഞ്ഞു വീണ്ടും വിളിയെത്തി , ഒന്നു കൂടി വരണം. അപ്പോൾ ടെൻഷനായി. അതു മനസിലായതു കൊണ്ടാണോ എന്നറിയില്ല, സംവിധായകനും അണിയറ പ്രവർത്തകരും ഒരുപാട് സഹായിച്ചു. ജോലിക്കു കയറി ഒരു മാസം പോലും തികയാത്തതിന്റെ ആനുകൂല്യത്തിൽ അവസാന ഓഡിഷൻ ഞായറാഴ്ചയായിരുന്നു. അന്നാണ് ശരണ്യയെ നായികയായി തിരഞ്ഞെടുത്തത്. 

പഴയ മോഹം 

സിനിമ എന്നും മനസ്സിലുണ്ടായിരുന്നു. എന്നാൽ സിനിമയിൽ ആരെയും പരിചയമുണ്ടായിരുന്നില്ല. കിട്ടില്ലെന്നറിഞ്ഞിട്ടും നമ്മൾ എന്തൊക്കെ ആഗ്രഹിക്കാറുണ്ട്. അതു പോലൊരു ആഗ്രഹമായിരുന്നു. കുസാറ്റിൽ കലോത്സവത്തിലും ഡാൻസ് പ്രോഗ്രാമിലുമെല്ലാം പങ്കെടുക്കുമായിരുന്നു. സീരിയലിലും പരസ്യങ്ങളിലും അഭിനയിക്കാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്ക് ഒരു വഴിയുമില്ലായിരുന്നു. എങ്ങനെ പോകണമെന്നും അറിയില്ലായിരുന്നു. ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചതോടെ സിനിമയൊക്കെ കുഴിച്ചു മൂടി ജോലിക്കു പോയി. ഓഡിഷനു പോകുമ്പോഴും കിട്ടുമെന്ന ഉറപ്പില്ലായിരുന്നു. 

മറഡോണ 

ശരണ്യ സിനിമ ആശിച്ചതു കൊണ്ടാണോ എന്നറിയില്ല സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആശയെന്നാണ്. തിരുവല്ലക്കാരിയായ നഴ്സിന്റെ വേഷമാണ്. ബെംഗളൂരുവിൽ ഹോം നഴ്സായി ജോലി ചെയ്യുകയാണ് ആശ. ടൊവിനോയാണു മറഡോണ. ഫാമിലി എൻർടെയിനറാണ്. സൗഹൃദവും പ്രണയവുമെല്ലാം ഈ സിനിമയിലുണ്ട്. ഫുട്ബോളുമായി സിനിമയ്ക്കു വലിയ ബന്ധമില്ല. പേരിൽ മാത്രമേ മറഡോണയുള്ളു. എല്ലാത്തരം പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. 

ടൊവിനോ 

നമ്മുടെ വേഷം മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കും. ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് ഭയങ്കര ടെൻഷനുണ്ടായിരുന്നു. ഡയലോഗ് മറന്നു പോകും. ടൊവിനോയാണു പലപ്പോഴും സഹായത്തിനെത്തിയത്. ചെമ്പൻ വിനോദ്, ലിയോണ ലിഷോയ്, വിഷ്ണു, ഒട്ടേറെ താരങ്ങൾ സിനിമയിലുണ്ട്. ഞാൻ മാത്രമായിരുന്നു പുതുമുഖം. 

കുടുംബം 

തൃപ്പൂണിത്തുറയിലാണ് വീട്. അച്ഛൻ രാമചന്ദ്രൻ നായർ. ഡൽഹിയിൽ ബിസിനസാണ്. അമ്മ ശശികല. സഹോദരൻ ശരത് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. 

പുതിയ സിനിമകൾ 

പുതിയ സിനിമകൾ ലഭിച്ചാൽ ഒരു കൈനോക്കാൻ തന്നെയാണ് തീരുമാനം. നല്ല വേഷങ്ങൾ തേടിയെത്തിയാൽ സ്വീകരിക്കും.