sections
MORE

‘സിനിമയിൽ ആണെങ്കിൽ സൂക്ഷിക്കണം, അവർ മരിച്ചുകൊണ്ടിരിക്കുകയാണ്’

tovino-interview
SHARE

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയത് സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്ന വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ടൊവിനോ തോമസ്. മനുഷ്യത്വം ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. താൻ മാത്രമല്ല അന്നിറങ്ങിയത്. ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനിറങ്ങിയ മറ്റെല്ലാവർക്കും സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നോ എന്നും ടൊവിനോ ചോദിക്കുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് ടൊവിനോ മനസ്സുതുറന്നത്. 

ഞാൻ മനുഷ്യനല്ലേ?

‘പ്രളയകാലത്ത് ഞാൻ മാത്രമല്ലല്ലോ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ലക്ഷക്കണക്കിന് ആളുകൾ ഇറങ്ങിയില്ലേ? അവർക്കൊക്കെ സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നോ? ഇല്ല. മനുഷ്യത്വം കൊണ്ടായിരിക്കില്ലേ അവരൊക്കെ ഇറങ്ങിയിട്ടുണ്ടാകുക? അപ്പോ എനിക്കെന്താ മനുഷ്യത്വമുണ്ടായിക്കൂടേ? ഞാൻ മനുഷ്യനല്ലേ? വളരെ സ്വാഭാവികമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്’. 

Tovino Nere Chovve

''ഞാൻ അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല ഇറങ്ങിയത്. ഞാൻ ജനിച്ചുവളർന്ന എന്റെ നാടായ ഇരിങ്ങാലക്കുടയിലാണ് സഹായത്തിനിറങ്ങിയത്. ഞാനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. ഇല്ലായിരുന്നെങ്കിൽ മറ്റിടങ്ങളിലും സഹായത്തിനെത്തുമായിരുന്നു. എന്റെ വീടിന് മൂന്ന് കിലോമീറ്റർ അപ്പുറം വരെ കഴുത്തൊപ്പം വെള്ളം കയറിയിരുന്നു. എന്റെ വീട്ടിൽ വെള്ളം കയറിയിരുന്നില്ല, കറന്റും പോയിരുന്നില്ല.

''എന്റെ സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോൾ ഭയം തോന്നി. എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യവസ്തുക്കളും ഭക്ഷണവുമെത്തിക്കാൻ പോയതാണ് ഞങ്ങൾ. പക്ഷേ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും രക്ഷപെടാൻ കഴിയാതെ വീടിനുള്ളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. 

''മഴ മാറുന്നുമില്ല. ഒന്നും ചെയ്യാതെ വീട്ടിനുള്ളിലിരുന്നാൽ എന്റെ വീട്ടിലും വെള്ളം കയറാം. എന്നെ രക്ഷിക്കാനും ആരും വരില്ലല്ലോ. അങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന ആളുകളെ ക്യാംപുകളിലെത്തിക്കാൻ ശ്രമം തുടങ്ങിയത്.

Tovino Thomas Nere Chovve

''ഒരാൾ ഒന്നുമില്ലാത്ത ഒരാളെ വളർത്തിക്കൊണ്ടുവരുന്നു. അയാള്‍ ഒരു സ്ഥാനത്തെത്തിയാൽ, എങ്ങനെയെങ്കിലും വലിച്ച് താഴെയിടുക. അതൊരു സ്വാഭാവിക പ്രവണതയാണെന്ന് തോന്നുന്നു. ലോകമെമ്പാടും ഇത്തരം പ്രവണത ഉണ്ടെന്നാണ് കരുതുന്നത്. സിനിമയുടെ ഫോർമുല അങ്ങനെയാണ്– ടൊവിനോ പറഞ്ഞു. 

സിനിമാക്കാരോട് ആളുകൾ ഇങ്ങനെയാണ്

ഉദ്ഘാടനത്തിനു വേണ്ടി അളിയനൊപ്പം ഒരു പരിപാടിക്ക് പോകുന്ന സമയം. 2016–ലാണ്. കല്‍പന ചേച്ചി മരിച്ച് രണ്ടു ദിവസം കഴിഞ്ഞു. മണിചേട്ടനും ആ സമയത്താണ് നമ്മെ വിട്ടുപിരിയുന്നത്. പരിപാടിക്കിടെ എൺപത്തിയഞ്ച് വയസ്സുള്ള ഒരാൾ എന്റെ അടുത്ത് വന്നു. ‘മോന്‍ എന്തുചെയ്യുന്നുവെന്ന് എന്നോട് ചോദിച്ചു. സിനിമയിലാണെന്ന് ഞാൻ മറുപടി പറഞ്ഞു.

‘സിനിമയിൽ ആണെങ്കിൽ സൂക്ഷിക്കണം, സിനിമയിൽ ഉള്ളവരൊക്കെ മരിച്ചുകൊണ്ടിരിക്കുകയാണ്’, അയാൾ പെട്ടന്ന് എന്നോട് പറഞ്ഞു. ‘എന്റെ പൊന്നപ്പൂപ്പാ സിനിമയിൽ ഉള്ളവര്‍ മരിക്കുമ്പോൾ അത് പത്രത്തിന്റെ ആദ്യപേജിൽ വരും. നാലഞ്ച് പേജ് മറിച്ചാൽ ചരമക്കോളം ഉണ്ട്. അതിൽ അപ്പൂപ്പനെപോലെ കുറേപേർ ഉണ്ട്.’–ഞാൻ തിരിച്ചും പറഞ്ഞു.

സിനിമാക്കാരോടുള്ള ആളുകളുടെ മനോഭാവം ഇങ്ങനെയാണ്. സിനിമാക്കാരന്റെ ജീവിതത്തിൽ ദുരന്തം സംഭവിച്ചാൽപോലും അത് വാർത്തയാണ്. അല്ലാതെ അയാൾക്കങ്ങനെ പറ്റിപോയല്ലോ എന്ന് ആളുകൾ വിചാരിക്കുന്നില്ല.

ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല

എന്റെ മൂക്കിന്റെ തുമ്പത്ത് മറ്റൊരാളുടെ സ്വാതന്ത്യം അവസാനിക്കുന്നു എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല, അപ്പോൾ എന്നെയും ഉപദ്രവിക്കാൻ വരരുത്. പണ്ട് തമിഴ്നടൻ കാർത്തിക് ആരാധകരുടെ ഇടയിൽ കൈവീശി വന്നപ്പോൾ അതിൽ നിന്നൊരാള്‍ കയ്യില്‍ ബ്ലേഡ് വെച്ച് വരഞ്ഞിരുന്നു. ഞാൻ എല്ലാവരെയും മോശം പറയുകയല്ല, അതിൽ രണ്ടോ മൂന്നോപേർ ആയിരിക്കും പ്രശ്നക്കാർ.

സെക്സ് ഈസ് നോട്ട് എ പ്രോമിസ്

'സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നത് സത്യാവസ്ഥയാണ്. ഈ ഡയലോഗ് പറയാൻ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും കഴിയണം. അത് അംഗീകരിക്കാൻ കഴിയണം. ഇവിടെ ഒരു പുരുഷൻ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് പറഞ്ഞാൽ കലാപമുണ്ടാകില്ലേ''-ടൊവിനോ ചോദിക്കുന്നു

''രണ്ടുപേർ തമ്മിൽ സ്നേഹമുണ്ടെങ്കിൽ പരസ്യമായി ചുംബിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി വിലകുറച്ച് കാണേണ്ട ഒന്നല്ല ചുംബനം. എല്ലാവരും എല്ലാവരെയും ചുംബിക്കുന്ന കാര്യമുണ്ടോ? പരസ്പരം സ്നേഹിക്കുന്നവർ ചുംബിക്കട്ടെ-ടൊവിനോ പറയുന്നു. 

''സിനിമയിൽ അഭിനയിക്കാൻ പോകുംമുൻപ് അപ്പനോട് പറഞ്ഞു, നിയന്ത്രണങ്ങളില്ലാത്ത നടനാകണം എന്നാണെനിക്ക്. ചുംബന സീനിലും ബെഡ്റൂം സീനിലും വയലന്‍സുള്ള സീനിലുമൊക്കെ അഭിനയിക്കേണ്ടിവരും.  അപ്പന് വിഷമം തോന്നരുതെന്ന്. അപ്പൻ പറഞ്ഞു, നീ എന്നോട് എന്തിന് ഇതൊക്കെ പറയുന്നു.  നീ കെട്ടാന്‍ പോകുന്ന പെണ്ണില്ലേ, അവളോട് പറയുക എന്ന്. ഞാൻ അവളോടും പറഞ്ഞു. 2004 മുതൽ പരസ്പരം അറിയാവുന്ന ആളുകളാണ് ഞങ്ങൾ. ഒരുപാട് വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ ഞങ്ങൾ വഴക്കുകൂടിയിട്ടില്ല. സിനിമയുടെ ഭാഗമാണെങ്കിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാം എന്നാണ് അവൾ മറുപടി നൽകിയത്– ടൊവിനോ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA