ചമ്മലൊന്നും ഉണ്ടായിരുന്നില്ല: ലിപ്​ലോക്കിനെക്കുറിച്ച് തീവണ്ടി നായിക

ടൊവിനോ തോമസ് നായകനായ തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. പുതുമുഖം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിലെ ലിപ് ലോക് രംഗങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് സംയുക്ത, മനോരമ ഓൺലൈന്റെ ഐ മീ മൈസെല്‍ഫിൽ. 

സിനിമയിൽ എന്തുചെയ്താലും അത് അഭിനയിക്കുക. അതുപോലെ തന്നെയാണ് ലിപ് ലോക്ക് രംഗവും. അതിനെ അങ്ങനെയെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ആ രംഗം ചിത്രീകരിക്കുമ്പോൾ പ്രത്യേകിച്ച് ചമ്മലൊന്നുമുണ്ടായിരുന്നില്ല, സംയുക്ത പറയുന്നു. 

തീവണ്ടിയിലേക്ക് 

അപ്രതീക്ഷിതമായാണ് തീവണ്ടിയിലേക്ക് ഓടിക്കയറിയത്. ആദ്യം അഭിനയിച്ചത് ലില്ലി എന്ന ചിത്രത്തിലാണ്. എന്നാൽ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയിലാണ്. ലില്ലി റിലീസ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടാൽ മാത്രം അടുത്ത സിനിമ വരുമെന്നാണ് കരുതിയത്. ടൊവിനോ ആണ് നായകൻ എന്നുകൂടി കേട്ടപ്പോൾ സന്തോഷം ഇരട്ടിയായി.

ടൊവിനോയെ അടിക്കാൻ സ്ലാപ് ഷോട്ട്

ചിത്രത്തിൽ ടൊവിനോയെ നിരവധി തവണ അടിക്കുന്നുണ്ട്. ഇതിനായി സ്ലാപ് ഷോട്ട് എന്ന പേരിലാണ് ഷൂട്ട് ചെയ്തിരുന്നത്. എല്ലാ ദിവസവും വെവ്വേറെ കോസ്റ്റ്യൂമിൽ ഇങ്ങനെ സ്ലാപ് ഷോട്ട് എടുത്തിരുന്നു. 

സിനിമാമോഹം

2016ൽ വനിതയുടെ ഫാഷൻ ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് ഈയടുത്താണ്. തീവണ്ടിയും ലില്ലിയും അതിനൊരു കാരണമായിട്ടുണ്ട്.

എപ്പോഴും പ്രവചനങ്ങൾക്കപ്പുറത്താണ് സിനിമാ ഇൻഡസ്ട്രി. എന്തും സംഭവിക്കാം. ഇത്തരം റിസ്ക് ഫാക്ടറുകളെക്കുറിച്ച് കുടുംബം ഇടക്കിടെ ഓർമിപ്പിക്കുമായിരുന്നു. സ്വയമെടുത്തതാണ് ഈ തീരുമാനം. എന്തായാലും ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സന്തോഷമുണ്ട്. ആത്മാർഥതയുണ്ട്. 

ലില്ലിയെക്കുറിച്ച്

ഒൻപതുമാസം ഗർഭിണിയാണ് ലില്ലി. മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നതും ലില്ലിയുടെ അതിജീവനവുമാണ് സിനിമ. ഒരുപാട് സന്തോഷത്തോടെ ചെയ്ത ചിത്രമാണ് ലില്ലി. വളരെ വ്യത്യസ്തമായ കഥയാണ്. 

പ്രളയകാലത്തെ ഇടപെടൽ

എത്രമാത്രം ആളുകളാണ് അക്കാലത്ത് കഠിനാധ്വാനം ചെയ്തിട്ടുള്ളത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്ത് എത്രയെത്ര പേർ..ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തിനിറങ്ങിയ സൈന്യം, മത്സ്യത്തൊഴിലാളികള്‍ അങ്ങനെ എത്ര പേരെയാണ് നാം കണ്ടത്.

സെലിബ്രിറ്റിയായതുകൊണ്ടാകാം ഞാൻ ചെയ്ത പ്രവർത്തനങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. നമ്മുടെ ആളുകൾക്ക് വേണ്ടിയാണ് സഹായം ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യം ആർക്കും വരരുത് എന്ന് കരുതിയാണ് ഇറങ്ങിയത്.

സിനിമയിലെ സ്ത്രീസമത്വം

എനിക്കുള്ള അനുഭവങ്ങൾ പരിമിതമാണ്. മാത്രമല്ല, എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ വളരെ നല്ലതാണ്. അത്തരം എന്തെങ്കിലും അനുഭവം ഉണ്ടാകുമ്പോൾ മാത്രം അതിനെക്കുറിച്ച് സംസാരിക്കും.